നഗരത്തിലെ ഫുഡ് സ്ട്രീറ്റ് ഹബ്ബ് ഫെബ്രുവരിയിൽ യാഥാർഥ്യമാകും
1496817
Monday, January 20, 2025 5:48 AM IST
കോഴിക്കോട്: കോഴിക്കോടൻ വിഭവങ്ങൾ വൃത്തിയും ആരോഗ്യകരവുമായ സാഹചര്യത്തിൽ വിളമ്പാനും കഴിക്കാനും ലക്ഷ്യമിട്ട് ബീച്ചിൽ നടപ്പാക്കുന്ന ഫുഡ് സ്ട്രീറ്റ് ഹബ്ബ് ഫെബ്രുവരിയിൽ തുടങ്ങും. കോർപറേഷൻ ഓഫീസിന് മുൻവശത്തെ ബീച്ചിലാണ് ഭക്ഷണത്തെരുവ് ഒരുക്കുന്നത്. തെരുവോരത്തെ രുചികരമായ ഭക്ഷണം ഒരിടത്ത് ഒന്നിച്ചിരുന്ന് ആരോഗ്യകരമായ അന്തരീക്ഷത്തിൽ ആസ്വദിച്ച് കഴിക്കാം എന്ന ആശയത്തിലാണ് ബീച്ചിൽ ആധുനിക ഭക്ഷണത്തെരുവ് ഒരുക്കുന്നത്.
ആരോഗ്യവകുപ്പിന്റെയും ദേശീയ നഗര ഉപജീവന മിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് ആകെ ചെലവാകുന്ന തുക 4.06 കോടിയാണ്. ഇതിൽ 2.41 കോടി രൂപ ദേശീയ ആരോഗ്യ മിഷനും ഒരുകോടി രൂപ ഭക്ഷ്യസുരക്ഷാവകുപ്പും വഹിക്കും.
നിർമാണജോലികൾ പൂർത്തിയായിക്കഴിഞ്ഞു. ഇതിനായി 68 ലക്ഷം രൂപയാണ് ചെലവ് വരുന്നത്.
ഡി എർത്ത് ആർകിടെക്റ്റ് രൂപകൽപന ചെയ്ത് പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസ് നിർമിച്ച 90 തട്ടുകടകളാണ് ഇവിടെ സ്ഥാപിക്കുക. ജോലികളെല്ലാം പെട്ടെന്ന് പൂർത്തിയാക്കി ഫെബ്രുവരിയോടെ ഉദ്ഘാടനത്തിന് തയാറാകുമെന്ന് കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സസൻ പി. ദിവാകരൻ പറഞ്ഞു. ആധുനികരീതിയിലുള്ള ഭക്ഷണ വിൽപന കേന്ദ്രങ്ങളുടെ മാതൃകയിൽ തെരുവ് ഭക്ഷണകേന്ദ്രത്തെയും ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം.
രാത്രി കാലങ്ങളിലും പ്രവർത്തിക്കുന്ന രീതിയിലായിരിക്കും സ്ട്രീറ്റ് ഒരുങ്ങുക. തട്ടുകടകളുടെ പ്രവർത്തനം നിരീക്ഷിക്കാനും സംവിധാനമുണ്ടാകും.