ചക്കിട്ടപാറ പഞ്ചായത്തിൽ ഡിജിറ്റൽ ഭൂ സർവേക്ക് തുടക്കമായി
1496822
Monday, January 20, 2025 5:48 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിൽ ഡിജിറ്റൽ ഭൂ സർവേ ആരംഭിച്ചു. ക്യാമ്പ് ഓഫീസും സർവേ പ്രവർത്തന ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർവഹിച്ചു.
"എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാർട്ട് ' എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വില്ലേജുകളും ഡിജിറ്റൽ സർവേ ചെയ്ത് റവന്യു, രജിസ്ട്രേഷൻ,
സർവേ വകുപ്പുകളുടെ സേവനങ്ങൾ "എന്റെ ഭൂമി' എന്ന ഒറ്റ പോർട്ടലിലൂടെ സുതാര്യമായും വേഗത്തിലും കുറ്റമറ്റ രീതിയിലും സാധാരണക്കാരനിലേക്ക് എത്തിക്കുക എന്നതു കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജിലാണ് ഇപ്പോൾ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുന്ന പന്നിക്കോട്ടൂർ സാംസ്കാരിക നിലയത്തിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ എം.എം. പ്രദീപൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശശി, ജില്ലാ ഐഇസി നോഡൽ ഓഫീസർ മുഹമ്മദലി, ചാർജ്ജ് ഓഫീസർ വിക്ടോറിയ, സർവേയർ ജോഷി എന്നിവർ പ്രസംഗിച്ചു.