സര്ഗാത്മകതയില് ലയിച്ച ഗവര്‍ണര്‍
1496290
Saturday, January 18, 2025 5:34 AM IST
പി.എസ് ശ്രീധരന്‍പിള്ള ഇന്ന് എഴുത്തിന്റെ സുവര്‍ണ ജയന്തി ആഘോഷിക്കുന്നു
എം. ജയതിലകന്‍
കോഴിക്കോട്: ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് എഴുത്ത് ലയമാണ്. സര്ഗാത്മകതയില് ലയിക്കുമ്പോഴാണ് അദ്ദേഹം ആത്മസംതൃപ്തിയടയുന്നത്. എഴുത്തിന് പ്രത്യേക മുറികളില്ല. ഇരിപ്പിടമില്ല. ആള്‍ക്കൂട്ടത്തിനിടയിലാണ് അദ്ദേഹത്തിന്റെ രചനകള്‍ പിറവിയെടുക്കുന്നത്. നോബല്‍ സമ്മാന ജേതാവായ വിഖ്യാത എഴുത്തുകാരന് ഗബ്രിയേല്‍ ഗര്‍സിയ മാര്‍കോസ് ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കിടയില്‍ രചന നിര്‍വഹിച്ച എഴുത്തുകാരനാണ്.
അദ്ദേഹത്തിന്റെ പാതയിലാണ് ശ്രീധരന്‍പിള്ളയുടെ മനസും സഞ്ചരിക്കുന്നത്. അഭിഭാഷകനായി സേവനമനുഷ്ഠിച്ചപ്പോള്‍ കേസുമായി ബന്ധപ്പെട്ട് എത്തിയ കക്ഷികളോടു സംസാരിക്കുമ്പോഴായിരിക്കും രണ്ടുവരി കവിത ഒഴുകി എത്തുക. അതവിടെ കുറിച്ചിടും. ചിലപ്പോള്‍ യാത്ര ചെയ്യുമ്പോഴായിരിക്കും മനസ് കവിതയുടെ ലോകത്ത് സഞ്ചരിക്കുക.
അതല്ലെങ്കില്‍ സുഹൃത്തുക്കളുമായുള്ള സംഭാഷണത്തിനിടയിലായിരിക്കും കവിത പിറക്കുക. കാലവും ദേശവുമൊന്നും അദ്ദേഹത്തിന്റെ എഴുത്തുകള്‍ക്കു വിഘാതം സൃഷ്ടിച്ചിട്ടില്ല. ശ്രീധരന്‍പിള്ളയെന്ന ഗവര്‍ണറെ ജനകീയനാക്കിയതിനു പിന്നിലെ ഘടകങ്ങള്‍ അദ്ദേഹത്തിന്റെ കാവ്യാത്മക ഹൃദയവും കാലാതീതമായ ചിന്തകളുമാണ്. സ്നേഹവും സൗഹൃദവും മനസില്‍ നിറഞ്ഞൊഴുകുന്നതിനാല്‍ അദ്ദേഹം സര്‍വാദരണീയനായി മാറുന്നു. ജാതിമത ചിന്തകളില്ലാതെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്താനുള്ള ശ്രീധരന്‍പിള്ളയുടെ കഴിവ് അദ്ദേഹത്തെ രാഷ്ട്രീയത്തിലെ വേറിട്ടമുഖമായി മാറ്റുന്നു.
250 പുസ്തകങ്ങളുമായി ഇന്ന് എഴുത്തിന്റെ സുവര്‍ണ ജയന്തി ആഘോഷിക്കുകയാണ് പി.എസ് ശ്രീധരന്‍പിള്ള. ഇംഗ്ലീഷിലും മലയാളത്തിലും പുഴപോലെ ഒഴുന്നതാണ് അദ്ദേഹത്തിന്റെ ഭാഷ. കഥകള്‍, ഫോക്ലോര്, ചരിത്രം,നിയമം,രാഷ്ട്രീയം, സാമ്പത്തികം, സാംസ്കാരികം, യാത്ര വിവരണം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ അദ്ദേഹത്തിന്റെ രചനാലോകം പന്തലിച്ചുനില്‍ക്കുന്നു.
അരനൂറ്റാണ്ടിന്റെ ദൈര്‍ഘ്യമുണ്ട് ശ്രീധരന്‍പിള്ളയുടെ എഴുത്ത് ജീവിതത്തിന്. ചെറുപ്പത്തില്‍ തന്നെ പത്രങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സാഹചര്യമുണ്ടായതിനാല്‍ അതിനൊത്താണ് അദ്ദേഹം സഞ്ചരിച്ചത്. പരന്ന വായനയില്‍ നിന്നാണ് എഴുത്തിന്റെ സര്‍ഗാത്മകത ഇതള്‍ വിരിയുന്നത്. കവിതകളും ലേഖനങ്ങളുമാണ് ആദ്യകാലത്ത് പിറന്നത്. അക്കാലത്ത് ആനുകാലികങ്ങളില്‍ കവിതകളും കഥകളും അച്ചടിച്ചുവന്നപ്പോള്‍ അതു ഏറെ പ്രചോദനം നല്‍കിയെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
പി.എസ്. വെണ്മണി എന്ന തൂലികാ നാമത്തിലായിരുന്നു സൃഷ്ടികള്‍. പുസ്തകങ്ങളെ ഇഷ്ടപ്പെട്ടും വായനയെ പുണര്‍ന്നും എഴുത്ത് ഹരമാക്കിയും അദ്ദേഹം സാഹിത്യ ലോകത്ത് തന്റെതായ അടയാളപ്പെടുത്തല്‍ സൃഷ്ടിച്ചു. മുറിവേറ്റ പ്രകൃതിക്ക് താരാട്ടുപാടാനുള്ള ഉള്‍പ്രേരണയാണ് ശ്രീധരന്‍പിള്ള തിരക്കിടനിടയിലും കവിതകള്‍ എഴുതാനുള്ള സമയം കണ്ടെത്താന്‍ കാരണമെന്ന് എം.ടി വാസുദേവന്‍ നായര്‍ "കാലദാനം' എന്ന കവിതാസമാഹാരത്തിന്റെ അവതാരികയില്‍ കുറിച്ചിട്ടുണ്ട്.
തിരിക്കുപിടച്ച രാഷ്ട്രീയ ജീവിതത്തിനിടിയിലും ഹൃദയത്തില്‍ കവിതയുടെ തീപ്പൊരി കാത്തുസൂക്ഷിക്കുന്ന എഴുത്തുകാരനാണ് ശ്രീധരന്‍പിള്ളയെന്ന് എംടി അടയാളപ്പെടുത്തിയിരുന്നു. ഗവര്ണാറാകുന്നതിനു മുമ്പ് 125 പുസ്തകങ്ങളാണ് അദ്ദേഹം രചിച്ചത്. ഗവര്‍ണറായശേഷം തിരക്കില്‍നിന്ന് മുക്തമായപ്പോഴാണ് മറ്റു രചനകളെല്ലാം പിറന്നുവീണത്.
മിസോറമില്‍ ഗവര്‍ണറായി എത്തിയപ്പോള്‍ എഴുതിയ "ഒ മിസോറാം' എന്ന കവിതാസമാഹരം ഏറെ ശ്രദ്ധിക്കപ്പെട്ടു. കോവിഡ് കാലത്ത് ലോകം വീടിനകത്തേക്ക് ചുരുങ്ങിയപ്പോള്‍ കൂടുതല്‍ സൃഷ്ടികള്‍ നടത്താന്‍ സഹായകമായി. ജനങ്ങളുടെ ജീവിത സാഹചര്യവും അവരുടെ ജീവിതവുമാണ് സാഹിത്യ സൃഷ്ടികളില്‍ ഇതിവൃത്തമായത്.
ശ്രീധരന്‍പിള്ളയുടെ ഗോവയെകുറിച്ചുള്ള അഞ്ചു പുസ്തകങ്ങള്‍ ആധികാരിക ഗ്രന്ഥമാക്കാനുള്ള ശ്രമത്തിലാണ് രാജ്ഭവന്. ഇന്ന് കോഴിക്കോട്ട് പ്രകാശനം ചെയ്യപ്പെടുന്ന 250-ാമത്തെ പുസ്തകമായ "ആള്ട്ടിട്യൂഡ്സ് ഓഫ് ദ ആള്‍മൈറ്റി' എന്ന പുസ്തകമാണ് ഇതിലൊന്ന്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഗോവയിലെ കുന്നുകളെക്കുറിച്ചുള്ള പുസ്തകമാണിത്. ഗോവയിലെ ഗ്രാമങ്ങളിലൂെടയുള്ള യാത്രയായ ഗോവ സമ്പൂര്‍ണ യാത്ര, ദ്വീപുകളിലൂെടയുള്ള സഞ്ചാരമായ ഹെവന്‍ലി ഐലന്റ്സ്,
വനങ്ങളിലൂെടയുള്ള യാത്രയായ ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ, വൃക്ഷ ൈവഞ്ജാനിക സദസിന്റെ ഭാഗമായ ട്രെഡിഷണല്‍ ട്രീസ് ഓഫ് ഭാരത് എന്നിവയാണ് മറ്റു പുസ്തകങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഭണാധികാരികളും എഴുത്തിന്റെ കുലപതികളും ശ്രീധരന്‍പിള്ളയുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തിട്ടുണ്ട്. 13 ഗവര്‍ണര്‍മാര്‍ അവതാരിക എഴുതിയിട്ടുണ്ട്. മുഖ്യമന്ത്രിമാരായ പിണറായി വിജയന് (കേരളം),
സൊറാംതംഗ (മിസോറം), ഡോ. പ്രമോദ് സാവന്ത് ( ഗോവ), അശോക് ഗെഹ്ലോട്ട് (രാജ്സഥാന് ) എന്നിവര്‍ പ്രകാശനം ചെയ്തവരില്‍ ഉള്‍പ്പെടും. മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, ലാല്‍ത്തന്‍ ഹവ്ല, പ്രതാപ് സിംഗ് റാണ എന്നിവരും ഈ പട്ടികയില്‍ പെടും. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു എന്നിവരും മുന്‍ ഉപ പ്രധാനമന്ത്രി എല്‍.കെ. അദ്വാനിയും അദ്ദേഹത്തിന്റെ പുസ്തക പ്രകാശനത്തിന് എത്തിയിട്ടുണ്ട്.
ആറ് ഗവര്‍ണര്‍മാര്‍, മൂന്ന് ജ്ഞാനപീഠം പുരസ്കാര ജേതാക്കള്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍, ജസ്റ്റിസുമാര്‍ എന്നിവരും പ്രകാശനം നടത്തിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി രാജ്ഭവനില്‍ വച്ച് ജഞാനപീഠം പുരസ്കാരം സമര്‍പ്പിച്ചത് ഗോവ രാജ്ഭവനില്‍ വച്ചാണ്.
ശ്രീധരന്‍പിള്ളയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങണമെന്ന അഭ്യര്‍ഥനയെതുടര്‍ന്ന് ദാമോദര്‍ മൗസോയ്ക്ക് 2022-ലെ പുരസ്കാരം സമ്മാനിച്ചത് ഗോവ രാജ്ഭവനില്‍ വച്ചായിരുന്നു. ജനങ്ങള്‍ക്ക് സഹായം നല്കുന്ന നിരവധി പദ്ധതികള്‍ അദ്ദേഹം ഗോവയില്‍ നടപ്പാക്കിയിട്ടുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പുതിയ എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനായി "നയീ പഹല്‍ ( പുതിയ വസന്തം) എന്ന പേരില്‍ ഒരു പദ്ധതി അദ്ദേഹം ആവിഷ്ക്കരിച്ചു. അത്തരം എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഗോവ രാജ്ഭവന്റെ ചെലവില്‍ അച്ചടിച്ച് എഴുത്തുകാര്‍ക്ക് പുസ്തകങ്ങള്‍ കൈമാറുന്ന പദ്ധതിയാണിത്.
1975- ലെ അടിയന്തിരാവസ്ഥയ്ക്കും മുന്‍പ് ആരംഭിച്ചതാണ് ശ്രീധരന്‍പിള്ളയുടെ സര്‍ഗാത്മകജീവിതം. അക്കാലത്ത് കോഴിക്കോട് ലോ കോളജിലെ മാഗസിന് എഡിറ്ററും തെരഞ്ഞെടുക്കപ്പെട്ട വൈസ് ചെയര്‍മാനും കൂടിയായിരുന്ന ശ്രീധരന്‍പിള്ള കഥ, കവിത, ലേഖനങ്ങള്‍ ഒക്കെ എഴുതുമായിരുന്നു. അടിയന്തരാവസ്ഥാ വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സജീവ പ്രവര്ത്തകനാകയാല് അദ്ദേഹത്തിന്റെ സുരക്ഷയെ ഭയന്ന വീട്ടുകാര്‍ എഴുത്തുകളെല്ലാം നശിപ്പിച്ചു കളഞ്ഞു.
ആദ്യകാലത്ത് സ്വന്തം പേരിന് പുറമെ പി.എസ് വെണ്മണി എന്ന തൂലികാനാമത്തിലും അദ്ദേഹം രചനകള്‍ നിര്‍വഹിച്ചു. പില്ക്കാലത്ത് രാഷ്ട്രീയ രംഗത്തും അഭിഭാഷക രംഗത്തും തിളങ്ങി നിന്നപ്പോഴും അദ്ദേഹം എഴുത്തില്‍ സജീവമായിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ഹിന്ദി, ബംഗാളി,കന്നട, തെലുങ്ക്, കൊങ്കണി,ഒറിയ, ആസാമി ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ശ്രീധരന്‍പിള്ളയുടെ വ്യക്തിത്വ സവിശേഷതകളെ അദ്ദേഹത്തിന്റെ സര്‍ഗാത്മകലോകം അടയാളപ്പെടുത്തുന്നുണ്ട്.
മനുഷ്യരോടും മറ്റ് ജീവജാലങ്ങളോടും പ്രകൃതിയോടുമുള്ള സ്നേഹവും പ്രതിബദ്ധതയും സര്‍ഗസൃഷ്ടികളുടെ ആധാരശിലയായി വര്‍ത്തിക്കുന്നതു കാണാം.സര്‍ഗ മേഖലയിലെ സംഭാവനകളെ പരിഗണിച്ച് ശ്രീധരന് പിള്ളയ്ക്ക് രാജസ്ഥാനിലെ ജെ ജെ ടി യൂണിവേഴ്സിറ്റി, ഒഡീഷ ഭുവനേശ്വറിലെ എഎസ്ബിഎം യൂണിവേഴ്സിറ്റി, ബാംഗ്ലൂരിലെ അലയന്‍സ് യൂണിവേഴ്സിറ്റി എന്നിവ ഓണററി ഡോക്ടറേറ്റ് നല്കി ആദരിച്ചിട്ടുണ്ട്.
ആലപ്പുഴ വെണ്മണി സ്വദേശിയായ ശ്രീധരന്‍പിള്ള കോഴിക്കോട്ടാണ് സ്ഥിരതാമസം. അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നതും കോഴിക്കോട്ടു നിന്നാണ്. അഡ്വ. കെ.റീതയാണ് ഭാര്യ. മക്കള്‍: അഡ്വ. അര്ജുന് ശ്രീധര്‍, ഡോ.ആര്യ.മരുമക്കള്‍: അഡ്വ.അരുണ്‍ കൃഷ്ണധന്‍, ഡോ.ജിപ്സ അരുണ്‍.