തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം: ജീവനക്കാരെ ബോധവത്ക്കരിക്കാന്‍ സര്‍ക്കാര്‍
1496292
Saturday, January 18, 2025 5:34 AM IST
കോഴിക്കോട്: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടായുണ്ടാകുന്ന ലൈംഗിക അതിക്രമം തടയാന്‍ കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍ക്കും അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്കുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുന്നുവെന്നുകണ്ടാണ് സര്‍ക്കാര്‍ ഇടപെടല്‍.
ജീവനക്കാര്‍ക്ക് േബാധവത്ക്കരണവും പരിശീലനവും നല്കാന് കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓഫ്ലൈനായും ഓണ്‍ലൈനായും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഭാവിയില്‍ ഗുരുതര നിയമപ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നു ചൂണ്ടിക്കാട്ടി വനിതാ വികസന വകുപ്പ് ഡയറക്ടര്‍ നല്കിയ ശിപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി.
തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയല്‍ നിയമം നടപ്പാക്കുന്നതിനായി ജില്ലാ ഓഫീസര്‍മാരായി ജില്ലാ കളക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിയമത്തിന്റെ സെക്ഷന്‍ (5) പ്രകാരം 10 ല്‍ താഴെ തൊഴിലാളികള്‍ ഉള്ളതിനാല്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കാത്തതോ അല്ലെങ്കില്‍ പരാതി തൊഴിലുടമയ്ക്ക് എതിരായിട്ടുള്ളതോ ആയ സാഹചര്യങ്ങളില്‍ ലൈംഗിക പീഡന പരാതി സ്വീകരിക്കുന്നതിന് ലോക്കല്‍ കമ്മിറ്റി രൂപീകരിക്കാന്‍ വ്യവസ്ഥയുണ്ട്. അതിനിടെ 2013 ഡിസംബര്‍ ഒന്‍പതിന് കേന്ദ്ര സര്‍ക്കാര്‍ 2013 നിയമത്തിലെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു നടപ്പിലാക്കി.
ഇതുപ്രകാരം പത്തും അതില്‍ കുടുതലും ജീവനക്കാരുള്ള എല്ല സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് ഇതില്‍ വീഴ്ച വരുത്തുന്നത് 50,000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. മുമ്പ് ഇതേ കുറ്റത്തിന് ശിക്ഷിച്ചിട്ടുള്ള തൊഴിലുടമയ്ക്ക് ഇരട്ടി ശിക്ഷയും വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഇതുപ്രകാരം നടപടി സ്വീകരിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. നിയമം നടപ്പിലാക്കുന്നതിനായി പോഷ് ആക്ട് കംപ്ലയിന്‍സ് പോര്‍ട്ടല്‍ കേരളത്തില്‍ നിലവില്‍ വരുകയും ചെയ്തു. എന്നിട്ടും വിവിധ ഉത്തരവുകളും മാര്‍ഗ നിര്‍ദേശങ്ങളും സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ പൂര്‍ണ രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ ബോധവത്ക്കരിക്കാനുള്ള നീക്കം.