അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രം കണ്ടെത്തി
1496295
Saturday, January 18, 2025 5:34 AM IST
താമരശേരി: താമരശേരി കരിങ്ങമണ്ണ തോണിക്കടവിൽ വീടിനോട് ചേർന്ന് പ്രവർത്തിച്ച അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രം കണ്ടെത്തി. ഗാർഹിക സിലണ്ടറുകളിൽ നിന്നും വാണിജ്യ സിലണ്ടറുകളിലേക്ക് ഗ്യാസ് മാറ്റി നിറക്കുന്ന കേന്ദ്രമാണ് താമരശേരി സിവിൽ സപ്ലൈ ഓഫീസർ സന്തോഷ് ചോലയിലിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.
ഇവിടെ നിന്നും 13 ഗാർഹിക സിലണ്ടറുകൾ, 18 വാണിജ്യ സിലണ്ടറുകൾ, ആറ് കാലി സിലണ്ടറുകളും കണ്ടെത്തി. ഇതോടൊപ്പം ഗ്യാസ് നിറക്കുന്നതിന് ഉപയോഗിക്കുന്ന രണ്ട് കംപ്രസറുകളും പിടികൂടി. കരിങ്ങമണ്ണ തോണിക്കടവ് അരേറ്റക്കുന്ന് ഷമീറിന്റെ വീട്ടിൽ നിന്നുമാണ് സിലണ്ടറുകൾ പിടികൂടിയത്. അപകടകരമായ രീതിയിൽ വീടിന്റെ അടുക്കളയോട് ചേർന്നാണ് റീഫില്ലിംഗ് കേന്ദ്രം പ്രവർത്തിച്ചത്.