പാലം പ്രവൃത്തി ഒച്ചിന്റെ വേഗതയിൽ; പുഴയിൽ തോണിയിറക്കി യൂത്ത് ലീഗ് പ്രതിഷേധം
1496018
Friday, January 17, 2025 4:59 AM IST
കൊടിയത്തൂർ: കൊടിയത്തൂർ - കാരശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോട്ടമുഴിക്കടവിൽ പാലം നിർമാണമാരംഭിച്ച് ഒരു വർഷത്തോളമായെങ്കിലും പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നതിനെതിരേ പ്രതിഷേധം ശക്തം. അശാസ്ത്രീയമായ നിർമാണം മൂലം പുഴയിലേക്ക് പതിച്ച പാലത്തിന്റെ സംരക്ഷണ ഭിത്തി പുനർനിർമിക്കാൻ ഇതുവരെ നടപടിയുമായിട്ടില്ല.
ഉദ്യോഗസ്ഥരും എംഎൽഎയും സ്ഥലം സന്ദർശിച്ച് പോയതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ലന്ന് മാത്രമല്ല, പ്രവൃത്തി വേഗത്തിലാക്കാനുള്ള ഒരു നടപടിയും എംഎൽഎയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുമില്ല.
ഇതെല്ലാം മൂലം ഇരു പഞ്ചായത്തുകളിലെയും സ്കൂൾ വിദ്യാർഥികൾ അടക്കമനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. ഇതോടെയാണ് വർഷങ്ങൾക്ക് മുമ്പ് നാട്ടുകാർ ആശ്രയിച്ചിരുന്ന കടത്ത് തോണി യൂത്ത് ലീഗ് പ്രവർത്തകർ വീണ്ടും പുഴയിലിറക്കിയത്. അധികൃതരുടെ കണ്ണ് തുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന സമരത്തിൽ നിരവധി പേർ പങ്കാളികളായി.
കൊടിയത്തൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ചീനി മരച്ചോട്ടിൽ നിന്ന് കാരശേരി പഞ്ചായത്തിലെ മാളിയേക്കൽ കടവിലേക്കായിരുന്നു തോണിയാത്ര. തോണിയിറക്കി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ് സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.