ഉപജില്ലാ ഫുട്ബോൾ; കാരശേരി സ്കൂളിന് കിരീടം
1496821
Monday, January 20, 2025 5:48 AM IST
മുക്കം: കുഞ്ഞു കാലുകളിൽ കാൽപ്പന്തു കളിയുടെ മാസ്മരിക മുഹൂർത്തങ്ങൾ കോരിയിട്ട് കക്കാട് ജിഎൽപി സ്കൂൾ സംഘടിപ്പിച്ച ലഹരിക്കെതിരേയുള്ള ഉപജില്ലാ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു.
ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കക്കാട് ജിഎൽപി സ്കൂളിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പ് കൂടിയായ കാരശേരി എച്ച്എൻസികെ യുപി സ്കൂൾ കിരീടം ചൂടി.
മേളയിലെ ഏറ്റവും മികച്ച കളിക്കാരനായി കാരശേരി സ്കൂളിലെ പി.പി. യാസീനും ഏറ്റവും മികച്ച ഡിഫൻഡറായി കാരശേരിയുടെ തന്നെ ദുൽഖർ റഹ്മാനും തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ ടോപ് സ്കോററായി കാരശേരിയുടെ മുഹമ്മദ് ഷഫിനും ഏറ്റവും മികച്ച ഗോൾക്കീപ്പറായി കക്കാട് ജിഎൽപി സ്കൂളിലെ റസലും തെരഞ്ഞെടുക്കപ്പെട്ടു. ചാമ്പ്യൻഷിപ്പ് മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. മാവൂർ എസ്ഐ സലീം മുട്ടാത്ത് മുഖ്യാതിഥിയായി.
സമാപന സമ്മേളനം കാരശേരി പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എടത്തിൽ ആമിന കളിക്കാർക്കുള്ള മെഡലുകൾ സമ്മാനിച്ചു. ഈവനിംഗ് പ്ലയേഴ്സ് താരവും സബ്ജൂനിയർ മുൻ ജില്ലാ താരവുമായ കെ.സി. അസ്ലഹ്, സി.കെ. ഫഹീം എന്നിവർ മത്സരം നിയന്ത്രിച്ചു.