കല്ലാനോട് മത്സ്യ വിത്തുല്പാദന കേന്ദ്രം രണ്ടാംഘട്ട വികസന പ്രവൃത്തി വിലയിരുത്തി
1496278
Saturday, January 18, 2025 5:23 AM IST
കൂരാച്ചുണ്ട്: കല്ലാനോട് മത്സ്യ വിത്തുല്പാദന കേന്ദ്രത്തിന് നബാർഡ് ആർഐഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 19 കോടി 81 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന രണ്ടാംഘട്ട വികസന പദ്ധതിയുടെ നിർമാണ പ്രവൃത്തിയുടെ ഭാഗമായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
ജലസേചന വകുപ്പ് ഫിഷറീസ് വകുപ്പിന് വിട്ടു നൽകിയ അഞ്ച് ഏക്കർ ഭൂമിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രതിവർഷം 60 ലക്ഷം ഗിഫ്റ്റ് തിലോപ്പിയ മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാർച്ചറി യൂണിറ്റാണ് നിർമിക്കുന്നത്. ഉത്തര കേരളത്തിലേക്ക് ആവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ നിന്നും വിതരണം ചെയ്യാൻ കഴിയും.
ഒരു വർഷം 2400 ടൺ മത്സ്യങ്ങളെ കൂടുതൽ ഉത്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഹാർബർ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റാണ് ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ്, ജോയിന്റ് ഡയറക്ടർ സുബീർ കിഷൻ, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ഷാലു സുധാകരൻ,
ഹാർബർ എക്സിക്യൂട്ടീവ് എൻജിനിയർ ടി. ജയദീപ്, കൊയിലാണ്ടി ഡെപ്യൂട്ടി തഹസിൽദാർ സുബൈർ, കൂരാച്ചുണ്ട് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ വിനോദ് കുമാർ എന്നിവരും കളക്ടറോടൊപ്പം സ്ഥലം സന്ദർശിച്ചു.