വിലങ്ങാട് ഉരുട്ടി നിവാസികൾക്ക് കുടിവെള്ളം കിട്ടാക്കനി
1496818
Monday, January 20, 2025 5:48 AM IST
നാദാപുരം: വിലങ്ങാട് ഉരുട്ടി ഉന്നതിയിലെ നിവാസികൾക്ക് കുടിവെള്ളം കിട്ടാക്കനി. കുടിവെളളമില്ലാതെ 32 കുടുംബങ്ങളാണ് ഇവിടെ ദുരിതം അനുഭവിക്കുന്നത്. കിടപ്പ് രോഗികളും സ്കൂൾ വിദ്യാർഥികളും കാൻസർ രോഗബാധിതരും ഉൾപ്പെടെ നിരവധി പേർ തീരാ ദുരിതത്തിലായി.
2019 ൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഉരുട്ടി ഉന്നതിയിൽ പുനരധിവാസത്തിൽ കഴിയുന്ന 32 കുടുംബങ്ങളാണ് അധികൃതരുടെ നിസംഗതയിൽ ദുരിതം പേറുന്നത്. ഉരുട്ടി ഉന്നതിയിൽ 64 കുടുംബങ്ങൾക്ക് സർക്കാർ വീട് നിർമിച്ചിരുന്നു.
2024 ജൂലായ് 30 ന് രാത്രി വിലങ്ങാട് മലയോരത്ത് വീണ്ടും ഉരുൾ പൊട്ടിയതോടെ വിലങ്ങാട് ഉന്നതിയിലെ താമസക്കാരായ 32 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഉരുട്ടി ഉന്നതിയിലെ വീടുകളിലേക്ക് മാറ്റി താമസിപ്പിക്കുകയായിരുന്നു. ഈ സമയത്ത് ഉരുട്ടി ഉന്നതിയിലെ വീടുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല.
ഇവർക്ക് വേണ്ട കുടിവെള്ള സൗകര്യവും ഉണ്ടായിരുന്നില്ല. മലമുകളിലെ നീരുറവകളിൽ നിന്ന് പൈപ്പ് വഴി സ്വന്തം ചിലവിൽ വെള്ളമെത്തിച്ചായിരുന്നു കുടിവെള്ള ശേഖരണം നടത്തിയത്. മഴ മാറി വേനലിലേക്ക് കടന്നതോടെ നീരുറവകൾ വറ്റി തുടങ്ങി. ഇതോടെ കുടിവെള്ളവും കിട്ടാതായി.
കഴിഞ്ഞ നവംമ്പർ മാസം മുതലാണ് ഇവിടെ കുടി വെള്ള ക്ഷാമം നേരിട്ടു തുടങ്ങിയത്. അനുദിനം പ്രശ്നം രൂക്ഷമാവുകയാണ്. വാണിമേൽ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും രണ്ട് തവണ മാത്രമാണ് ഇവിടെ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ചതെന്ന് ഇവിടുത്തെ താമസക്കാർ പറഞ്ഞു. ജലജീവൻ പദ്ധതി വഴി കുടിവെള്ളം ഉന്നതിയിലെത്തിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു.
എന്നാൽ ഉരുൾപൊട്ടൽ നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും പദ്ധതി യാഥാർഥ്യമായില്ല. കുടിവെള്ളത്തിനായി വരൾച്ച ഫണ്ട് അനുവദിക്കണമെങ്കിൽ ഏപ്രിൽ മാസമാവുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഭക്ഷണം പാകം ചെയ്യാനായി തല ചുമടായാണ് ഓരോ കുടുംബങ്ങളും കുടി വെള്ളമെത്തിക്കുന്നത്. ഇതിനായി ഏറേ ദൂരം സഞ്ചരിക്കേണ്ട നിസഹായവസ്ഥയിലാണ് ഈ കുടുംബങ്ങൾ.