എംഡിഎംഎ വില്പന ജില്ലയില്‍ കൂടുന്നു : പുതുവര്‍ഷത്തിലും കേസുകള്‍
1496277
Saturday, January 18, 2025 5:23 AM IST
കോഴിക്കോട്: അത്യന്തം അപകടകാരിയായ എംഡിഎംഎയുടെ വിപണനം ജില്ലയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 3107.525 ഗ്രാം എംഡിഎംഎയാണ് കഴിഞ്ഞ വര്‍ഷം പിടികൂടിയത്. 2023ല്‍ 2,116 ഗ്രാമായിരുന്നു പിടികൂടിയിരുന്നത്.
മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ആശങ്കയുയര്‍ത്തുന്ന രീതിയിലാണ് രാസലഹരികളുടെ കേസുകളുടെ വര്‍ധനവ്. കഞ്ചാവും മദ്യവുമൊക്കെ ഉപയോഗിച്ചിരുന്നവര്‍ രാസലഹരിയിലേക്ക് വഴിമാറുന്നെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതുവര്‍ഷത്തിലും സ്ഥിതി വ്യത്യസ്തമല്ല. 10 കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.
വിദ്യാര്‍ഥികളേയും യുവാക്കളേയും ലക്ഷ്യമിട്ടാണ് വില്പന വ്യാപകമാകുന്നത്. ബംഗളൂരുവില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന സിന്തറ്റിക് ഡ്രഗ്സിന്റെ ഉപയോഗമാണ് വന്‍ തോതില്‍ കൂടിയിട്ടുള്ളത്. വിലകൂടിയതും ഒളിപ്പിച്ച് കടത്തുവാന്‍ എളുപ്പമുള്ളതും ദൂഷ്യവശങ്ങള്‍ അതിതീവ്രവുമായ സിന്തറ്റിക്ക് ഡ്രഗുകള്‍ ഉപയോഗിക്കുന്നതിലൂടെ വരും തലമുറയുടെ ഭാവിതന്നെ ഇരുളടയുകയാണ്.
ജില്ലാ നാര്‍ക്കോട്ടിക് സെല്‍ 2024ല്‍ വിവിധ ലഹരി കേസുകളിലായി ജില്ലയില്‍ പിടികൂടിയത് 1985 പേരെയാണ്. 1835 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 157.18 കിലോഗ്രാം കഞ്ചാവ്, 134.455 ഗ്രാം ബ്രൗണ്‍ഷുഗര്‍, 863.45 ഗ്രാം ഹാഷിഷ്, 185 ഗ്രാം എല്‍എസ്ഡി, 3107.525 ഗ്രാം മെത്താഫിറ്റമിന്‍, 7.55 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. ലഹരി ഉപയോഗത്തില്‍ പെണ്കുട്ടികളുംആണ്കുട്ടികളും ഒരുപോലെ ഉള്പ്പെട്ടിരിക്കുന്നുവെന്നാണ് ഞെട്ടിക്കുന്ന വസ്തുത.
ലഹരി ഉപയോഗിച്ചുള്ള അക്രമങ്ങളും കൊലപാതകങ്ങളും ദിനംപ്രതി വര്‍ധിക്കുകയാണ്. ജില്ലയിലെ പൊതുയിടങ്ങളെല്ലാം തന്നെ ഇരുട്ടുവീണാല്‍ ഇത്തരം ലഹരി സംഘങ്ങളുടെ കൈപ്പിടിയിലാണ്.
സമനില തെറ്റിയ രീതിയില്‍ വലിയ ശബ്ദമുണ്ടാക്കിയും സംഘാംഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും സ്ഥിരമാണ്. ലഹരിക്കെതിരേ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും ലഹരിയുടെ പിടിമുറുകുകയാണ്. ലഹരി കേസുകളിലെ വമ്പന്‍ സ്രാവുകള്‍ പിടിക്കപ്പെടാത്തതാണ് ഇതിനുകാരണം. മിക്കപ്പോഴും മയക്കു മരുന്ന് കേസുകളില്‍ പിടിക്കപ്പെടുന്നത് ചെറുകിട വില്‍പ്പനക്കാരും ഉപഭോക്താക്കളും മാത്രമാണ്.