മെഡിക്കല്‍ കോളജില്‍ മോശം പെരുമാറ്റം; അന്വേഷണത്തിന് യുവജന കമ്മീഷന്
1496570
Sunday, January 19, 2025 7:16 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തിയപ്പോള്‍ ഡോക്ടറുടെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടി വന്നുവെന്ന ഇരിങ്ങല്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസിലാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് യുവജന കമ്മീഷന്.
കേരള സംസ്ഥാന യുവജന കമ്മീഷന് അംഗം പി.സി. ഷൈജുവിന്റ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ അദാലത്തിന്റെ രണ്ടാദിനം 21 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 11 പരാതികള്‍ പരിഹരിച്ചു. 10 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി നാല് പരാതികള്‍ ലഭിച്ചു. നരിക്കുനി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നിര്‍മിച്ച പഞ്ചായത്ത് റോഡിനെ സംബന്ധിച്ച് ലഭിച്ച പരാതിയില്‍ കമ്മീഷന് സ്ഥലം സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. കൊയിലാണ്ടിയിലെ ഒരു സ്വകാര്യ സ്ഥാപനം ജോലി വാഗ്ദാനം ചെയ്തു വഞ്ചിച്ചുവെന്ന് യുവാവ് നല്കിയ പരാതിയില്‍ പോലീസ് നടപടി പൂര്‍ത്തിയായതായും കമ്മീഷന് പറഞ്ഞു.
വിദൂര വിദ്യാഭ്യാസം, കരാര്‍ ലംഘനം, പിഎസ്സി നിയമനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും അദാലത്തില്‍ ലഭിച്ചു.അദാലത്തില്‍ യുവജന കമ്മീഷന് അംഗങ്ങളായ കെ.പി. ഷജീറ, പി.പി. രണ്‍ദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ ജോസഫ് സ്കറിയ, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവര്‍ പങ്കെടുത്തു. ജില്ലയില്‍ രണ്ട് ദിവസങ്ങളിലായാണ് യുവജന കമ്മീഷന് അദാലത്ത് സംഘടിപ്പിച്ചത്.