മുടങ്ങിക്കിടക്കുന്ന ഭൂനികുതി സ്വീകരിക്കണം: കർഷക തൊഴിലാളി യൂണിയൻ
1496282
Saturday, January 18, 2025 5:23 AM IST
താമരശേരി: കട്ടിപ്പാറ രണ്ടുകണ്ടി, വട്ടച്ചുഴലി പ്രദേശത്ത് വർഷങ്ങളായി താമസിച്ച് വരുന്നവരുടെ മുടങ്ങിക്കിടക്കുന്ന ഭൂനികുതി സ്വീകരിക്കുക, ഗവൺമെന്റിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക തൊഴിലാളി യൂണിയൻ കട്ടിപ്പാറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു.
2014 വരെയുള്ള നികുതി സ്വീകരിക്കുകയും 2014 ഏപ്രിൽ മാസം മുതൽ നികുതി സ്വീകരിക്കാത്ത സ്ഥിതിയുമാണ് നിലവിലുള്ളത്. ആധാരവും പട്ടയവുമുൾപ്പെടെയുള്ള രേഖകൾ കൈവശമുണ്ടായിട്ടും പ്രസ്തുത പ്രദേശത്തെ ഭൂമി പുറമ്പോക്ക് ഭൂമിയാണെന്നും ഇത് അൺസർവ 91-ൽ പെട്ടതാണെന്നുമുള്ള കാരണം പറഞ്ഞ് വില്ലേജ് അധികൃതർ നികുതി സ്വീകരിക്കാൻ തയാറാകുന്നില്ല.
ഇത് മൂലം കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാത്തത്കൊണ്ട് ലൈഫ് ഭവന പദ്ധതി ഗുണഭോക്ത ലിസ്റ്റിലുള്ള ആളുകൾക്ക് വീടും വിദ്യാഭ്യാസ വായ്പകൾ ഉൾപ്പെടെയുള്ള ബാങ്ക് വായ്പകളും ലഭിക്കാത്തത്ത് പ്രദേശത്തെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ധർണ യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ.പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ.പി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.എ.പി. സജിത്ത്, നിധീഷ് കല്ലുള്ളതോട്, സി. പി. നിസാർ, സൈനബ നാസർ, ടി. കെ. ചന്തുക്കുട്ടി, കെ.എം. ബാലകൃഷ്ണൻ, പി.എ.അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.