ക്യാമറക്കണ്ണുകള്‍ കണ്ട എംടി; പ്രദര്‍ശനം നാളെ മുതല്‍
1496009
Friday, January 17, 2025 4:57 AM IST
കോഴിക്കോട്: സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന എംടി ഫോട്ടോ പ്രദര്‍ശനം 18 മുതല്‍ 22 വരെ ലളിതകലാ അക്കാദി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും. എംടിയുടെ ജീവിതം, സാഹിത്യം, സിനിമ, ജന്മദേശമായ കൂടല്ലൂര്‍, തുഞ്ചന്‍ പറമ്പ്, മനുഷ്യനും പ്രകൃതിക്കും വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ എന്നിവ മുതല്‍ അദ്ദേഹത്തിന്റെ അന്ത്യം വരെയുള്ള ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ വരുന്നത്.
പ്രശസ്ത ഫോട്ടോഗ്രാഫര്‍ പി. മുസ്തഫയുടെ നേതൃത്വത്തില്‍ ഒരു സംഘം ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ ഒരുക്കുന്ന പ്രദര്‍ശനത്തില്‍ തെരഞ്ഞെടുത്ത നൂറിലേറെ അപൂര്‍വ ചിത്രങ്ങളുണ്ടാകും. ഇത്രയധികം ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ഒരു വ്യക്തിയുടെ നൂറിലേറെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വരുന്നത് കേരളത്തില്‍ ആദ്യമാണ്.
എംടിയുടെ ശേഖരത്തിലുള്ള ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും. എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെയാണ് പ്രദര്‍ശനം.18ന് രാവിലെ 11 മണിക്ക് മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും. 19 നു വൈകിട്ട് 5 മണിക്ക് എം ടിയുടെ ജീവിതത്തിലെ അസുലഭ നിമിഷങ്ങള്‍ പകര്‍ത്തിയ പ്രശസ്ത ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ അനുഭവം പങ്കുവയ്ക്കും.
20ന് ഡോക്യുമെന്ററി പ്രദര്‍ശനമാണ്. എം ടിയുടെ വിഖ്യാതമായ "നിര്‍മാല്യം' എന്ന ചലച്ചിത്രത്തെക്കുറിച്ച് കാണി ഫിലിം സൊസൈറ്റി നിര്‍മിച്ച 'നിര്‍മാല്യം പി ഒ', പ്രശസ്ത ചലച്ചിത്രകാരന് കെ.പി. കുമാരന്റെ 'എ മൊമന്റ്സ് ലൈഫ് ഇന്‍ ക്രിയേറ്റിവിറ്റി' എന്നീ ഡോക്യുമെന്ററികളാണ് വൈകിട്ട് ആര്‍ട്ട് ഗ്യാലറി പരിസരത്ത് പ്രദര്‍ശിപ്പിക്കുന്നത്.
21ന് ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് 'ഓര്‍മ്മ മരത്തണലില്‍' എം ടിയുമായി അടുപ്പമുള്ള മാധ്യമപ്രവര്‍ത്തകര്‍ സംബന്ധിക്കും. എംടിയുടെ മകള്‍ അശ്വതി മുഖ്യാതിഥിയായിരിക്കും. 22ന് വൈകിട്ട് 5 മണിക്ക് 'എം ടി: ഭാഷയുടെ കാവലാള്‍'എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരന് കെ.പി. രാമനുണ്ണി പ്രഭാഷണം നടത്തും.