നഗരപാതകള്‍ യാത്രക്കാരുടെ നടുവൊടിക്കുന്നു
1496008
Friday, January 17, 2025 4:57 AM IST
കോഴിക്കോട്: നഗരത്തിലെ മിക്ക റോഡുകളും തകര്‍ന്നു. യാത്ര ദുഷ്കരമായി. വാഹനങ്ങളില്‍ പോകുന്നവരുടെ നടുവൊടിയുന്ന വിധത്തില്‍ റോഡില്‍ കുണ്ടും കുഴിയും നിറഞ്ഞു. കെ.പി. കേശവമേനോന് റോഡ്, ഭജനകോവില്‍ റോഡ്, തളി റോഡ് തുടങ്ങി നഗരത്തിലെ പ്രധാന ഇട റോഡുകളെല്ലാം തകര്‍ന്ന നിലയിലാണ്.
നഗരത്തിലെ മിക്ക റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ നടന്നിട്ട് വര്‍ഷങ്ങളായി. പരാതികള്‍ പെരുകുമ്പോള്‍ ഇരുട്ടുകൊണ്ട് ഓട്ടയടിക്കുന്നതാണ് രീതി. താല്‍ക്കാലികമായി റോഡിലെ കുഴികള്‍ അടയ്ക്കുന്ന പ്രവൃത്തി മാത്രമാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോര്പറേഷന് വാര്‍ഡുകളില്‍ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.
സിമന്റും മെറ്റലും ഉപയോഗിച്ചാണ് താല്‍ക്കാലികമായി കുഴികള്‍ അടക്കുന്നത്. ഇത്തരത്തില്‍ അടയ്ക്കുന്ന കുഴികള്‍ രണ്ടു മാസത്തിനുള്ളില്‍ തന്നെ പഴയ രൂപത്തിലാവുന്നു. അധികൃതര്‍ ഇടപെടാതെ മാറിനില്ക്കുമ്പോള് വ്യാപാരികളും സന്നദ്ധസംഘടനകളും നാട്ടുകാരുമാണ് പലയിടത്തും കുഴിയടക്കുന്നത്.
വലിയങ്ങാടി, കോഴിക്കോട് റെയില്‍വേ സ്റ്റേഷന്, ബീച്ച് എന്നിവിടങ്ങളിലേക്ക് എത്താന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന കെ.പി. കേശവമേനോന് റോഡ് പൊട്ടിപ്പൊളിഞ്ഞ് അപകടങ്ങള്‍ സ്ഥിരമായിട്ടും തിരിഞ്ഞു നോക്കാത്ത സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. മിക്ക ദിവസങ്ങളിലും ഇവിടെ അപകടം പതിവാണെന്ന് സമീപത്തെ കച്ചവടക്കാര്‍ പറയുന്നു. ഏറ്റവും കൂടുതല്‍ അപകടത്തില്‍പ്പെടുന്നത് ഇരുചക്ര വാഹനങ്ങളാണ്.
രാത്രിയും പുലര്‍ച്ചെയുമെല്ലാം കച്ചവടക്കാരടക്കം ധാരാളം യാത്രക്കാര്‍ ആശ്രയിക്കുന്ന റോഡാണ് ഇത്. മഴപെയ്താല്‍ റോഡിലെ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും വെളിച്ചത്തിന്റെ കുറവും പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. വലിയങ്ങാടിയില്‍ കച്ചവടം നടത്തുന്ന ഇരുചക്രവാഹന യാത്രക്കാരന് കഴിഞ്ഞ വര്‍ഷം റോഡിലെ കുഴിയില്‍ വീണു പരിക്കേറ്റിരുന്നു.
ഒരു മാസം മുന്‍പ് ബൈക്ക് യാത്രക്കാരന് കുഴിയില്‍ വീണു തല പൊട്ടിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ നിരവധി അപകടങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കെ.പി. കേശവമേനോന് റോഡില്‍ മാത്രം ഉണ്ടായിട്ടുള്ളത്.
ചാലപ്പുറം ഭജനകോവില്‍ റോഡിന്റെയും സ്ഥിതി പരിതാപകരമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി റോഡ് പൊട്ടിപ്പൊളിഞ്ഞ് അപകട മേഖലയായി തുടരുകയാണ്. തളി പൈതൃക നഗരം പദ്ധതിയുടെ ഭാഗമായി കോടികള്‍ ചെലവഴിച്ച് ക്ഷേത്രവും കുളവും ഉള്‍പ്പെടെ നവീകരിച്ചെങ്കിലും കുഴിയും താണ്ടി വേണം എവിടേക്ക് എത്താന്‍.
കുളത്തിന് മുന്‍വശത്തായി വലിയ കുഴികളാണുള്ളത്. ഇവിടെ റോഡില്‍ വെളിച്ചവും കുറവായതിനാല്‍ ഇരുട്ടിയാല്‍ റോഡും കുഴിയും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും പലപ്പോഴും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സമീപത്തെ കച്ചവടക്കാര്‍ പറയുന്നു.
നിരന്തരം ആവശ്യപ്പെട്ടതിന് പിന്നാലെ കെ.പി. കേശവമേനോന് റോഡ് നവീകരണത്തിനായി തനത് ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 75 വാര്‍ഡുകളിലേക്കും കൂടിയായി അനുവദിച്ച അഞ്ചു ലക്ഷം രൂപയിലാണ് ഉള്‍പ്പെടുത്തിയത്.
ഈ വര്‍ഷവും താല്‍ക്കാലികമായി കുഴികള്‍ അടയ്ക്കാനുള്ള നീക്കം നടത്തിയെങ്കിലും എന്‍ജിനീയര്‍ വിഭാഗത്തിന്റെ പരിശോധനയില്‍ താല്‍ക്കാലികമായി കുഴികള്‍ അടയ്ക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് ചൂണ്ടിക്കാട്ടിയതോടെയാണ് റീടാറിംഗ് നടത്താന്‍ തീരുമാനമായത്.