മേപ്പയൂരിൽ പ്രാഥമിക വിള ആരോഗ്യ കേന്ദ്രത്തിന് തുടക്കമായി
1496010
Friday, January 17, 2025 4:57 AM IST
മേപ്പയൂർ: പഞ്ചായത്ത് കൃഷിഭവന്റെ നൂതന ജനകീയാസൂത്രണ പദ്ധതിയായ പ്രാഥമിക വിള ആരോഗ്യകേന്ദ്രം മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡോ. ആർ.എ. അപർണ പദ്ധതി വിശദീകരണം നടത്തി.
മേപ്പയൂർ പഞ്ചായത്തിലെ കർഷകരുടെ കൃഷിയിടങ്ങളിൽ വരുന്ന കീട രോഗ ആക്രമണങ്ങൾക്ക് കൃഷി ഓഫീസറുടെ നിർദേശ പ്രകാരം തയാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ജൈവ, രാസ കീടനാശിനികൾ കുമിൾ നാശിനികൾ എന്നിവ 100 ശതമാനം സബ്സിഡിയിൽ ലഭിക്കും.
കൃഷി ചെയ്യുന്ന വിളകളിലെ കീട രോഗങ്ങളുടെ കൃത്യമായ ഫോട്ടോസ് അല്ലെങ്കിൽ സ്പെസിമൻസ് എന്നിവയുടെ അടിസ്ഥാനത്തിലോ ഫീൽഡ് പരിശോധനയിലൂടെ കൃഷിയിടം സന്ദർശിച്ച് നേരിട്ടുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലോ മാത്രമാണ് ക്ലിനിക്കിൽ നിന്നും മരുന്നുകൾ ലഭിക്കൂ. ആഴ്ചയിൽ ബുധനാഴ്ച മാത്രം രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെ ക്ലിനിക് പ്രവർത്തിക്കും.
ശാസ്ത്രീയമായി കൃഷി ചെയ്ത് വരുന്ന കർഷകർക്ക് തങ്ങളുടെ കൃഷിയിടത്തിലെ പരമാവധി പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരം ലഭിക്കും. ആവശ്യമുള്ള കർഷകർ കൃഷി വകുപ്പിന്റെ കതിർ പോർട്ടൽ ഐഡി നമ്പർ അല്ലെങ്കിൽ എയിംസ് പോർട്ടൽ ഐഡി നമ്പർ,ഒറിജിനൽ ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ ഹാജരാക്കണം.
പദ്ധതിക്ക് വി. കുഞ്ഞിരാമൻ കിടാവ്, കെ.കെ മൊയ്തീൻ, കെ.കെ കുഞ്ഞിരാമൻ, അബ്ദുൾ സലാം നാഗത്ത്, കുന്നത്ത് ശ്രീധരൻ, ജയരാജ് കുണ്ടയാട്ട്, ബ്ലോക്ക് ടെക്നോളജി മാനേജർ ആർ.എസ് സൂരജ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എൻ.കെ ഹരികുമാർ, അസിസ്റ്റന്റ് എസ്. സുഷേണൻ എന്നിവർ പ്രസംഗിച്ചു.