തടസങ്ങൾ നീക്കാൻ നടപടിയില്ല : ചക്കിട്ടപാറയിൽ മലയോര ഹൈവേ നിർമാണം വൈകുന്നു
1495732
Thursday, January 16, 2025 5:29 AM IST
ചക്കിട്ടപാറ: തടസങ്ങൾ നീക്കാൻ സമയ ബന്ധിതമായി നടപടി ഉണ്ടാകാത്തതിനാൽ പെരുവണ്ണാമൂഴി - ചക്കിട്ടപാറ-ചെമ്പ്ര മലയോര ഹൈവേ നിർമാണം വൈകുന്നു. 40 വർഷം മുമ്പ് റോഡ് വീതി കൂട്ടുന്നതിനായി പൊതുമരാമത്ത് വകുപ്പ് പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെ പാതയിലെ വശങ്ങളിലെ ഭൂമി ഏറ്റെടുത്തിരുന്നു.
ഇതു പരിഗണിക്കാതെ ഹൈവേയുടെ അലൈൻമെന്റ് കേരള റോഡ് ഫണ്ട് ബോർഡും കരാറുകാരും നിശ്ചയിക്കുന്നത് തർക്കത്തിലാണ്. 12 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. റോഡ് കടന്നു പോകുന്ന ചക്കിട്ടപാറ ടൗൺ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ ഏറ്റെടുത്ത സ്ഥലത്തിൽ ഏറ്റക്കുറച്ചിലുകളുള്ളതായി ആക്ഷേപമുണ്ട്.
താലൂക്ക് സർവേയർ രേഖകളുടെ അടിസ്ഥാനത്തിൽ റോഡ് വീതി അളന്ന് നിർണയിക്കണമെന്നും സർക്കാറിന് അർഹതപ്പെട്ട സ്ഥലം സംരക്ഷിക്കണമെന്നുമാണ് ആവശ്യം.
റോഡിൽ കെഎസ്ഇബി നേരത്തെ സ്ഥാപിച്ച 56 ലോഹ വൈദ്യുത പോസ്റ്റുകളിൽ എട്ടെണ്ണം ഇനിയും പിഴുതു മാറ്റാത്തതും മാറ്റിയവ ഹൈവേ നിർമാണ സ്ഥലത്തുനിന്ന് മാറ്റാത്തതും നിർമാണ പ്രവർത്തിക്ക് തടസം സൃഷ്ടിക്കുകയാണ്. പിള്ളപ്പെരുവണ്ണ ജംഗ്ഷനിൽ ഒരു ലോഹ തൂണിന്റെ പകുതി സ്ഥിതിചെയ്യുന്നുണ്ട്.