കൂരാച്ചുണ്ടിൽ മുസ്ലിം ലീഗിന്റെ നടപടി രാഷ്ട്രീയ മര്യാദകേട് : യൂത്ത് കോൺഗ്രസ്
1496015
Friday, January 17, 2025 4:57 AM IST
കൂരാച്ചുണ്ട്: യുഡിഎഫ് ഭരിക്കുന്ന കൂരാച്ചുണ്ട് പഞ്ചായത്തില്‍ എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ മുസ്ലിംലീഗ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത് രാഷ്ട്രീയ മര്യാദകേടാണെന്ന് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
മുന്നണി ധാരണ പ്രകാരം നാല് വർഷം കഴിഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാൻ തയാറാകാതിരുന്ന പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയ്ക്കെതിരേയും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോൺസൺ താന്നിക്കലിനെതിരേയും ജില്ലാ കോൺഗ്രസ് കമ്മിറ്റി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. നടപടി സ്വീകരിച്ച് 24 മണിക്കൂർ കഴിയും മുമ്പ് എൽഡിഎഫുമായി ചേർന്ന് നോട്ടീസ് നല്‍കിയത് മുന്നണിയെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സുനീർ പുനത്തിൽ, ജെറിൻ കുര്യാക്കോസ്, ജോസ്ബിൻ കുര്യാക്കോസ്, രാഹുൽ രാഘവൻ, അജ്മൽ ചാലിടം, ജിസോ മാത്യു, ജ്യോതിഷ് രാരപ്പൻകണ്ടി, നജീബ് മടവൻകണ്ടി, നിഖിൽ വെളിയത്ത്, അനീഷ് മറ്റത്തിൽ, ജസ്റ്റിൻ കാരക്കട എന്നിവർ പ്രസംഗിച്ചു.