വിജയകരമായി ‘കതിരണി' മുന്നോട്ട്
1495716
Thursday, January 16, 2025 5:17 AM IST
കോഴിക്കോട്: തരിശുനിലങ്ങളെ കൃഷിയോഗ്യമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച ‘കതിരണി' പദ്ധതി വിജയകരമായി മുന്നോട്ട്. 2022ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ കൃഷിയോഗ്യമാക്കിയത് 200 ഹെക്ടർ തരിശുനിലം. പദ്ധതിയുടെ ഭാഗമാകുന്ന എല്ലാ പഞ്ചായത്തുകൾക്കും സാമ്പത്തികസഹായം അനുവദിക്കുമെന്ന് ജില്ലാപഞ്ചായത്ത് അധികൃതര് വ്യക്തമാക്കി.
ജില്ലയിൽ 2,450 ഹെക്ടർ ഭൂമിയാണ് തരിശുനിലങ്ങളായിട്ടുള്ളത്. ഇതിൽ തരിശായി കിടക്കുന്ന വയലുകൾ കണ്ടെത്തി ഇവിടെ വൃത്തിയാക്കൽ, നിലം തയാറാക്കൽ എന്നീ ജോലികൾ അതാത് പഞ്ചായത്തുകളും കൃഷിഭവനുകളും ചേർന്ന് പൂർത്തിയാക്കണം. ഇതിനുശേഷം കൃഷിക്കുള്ള ധനസഹായം അനുവദിക്കും. കൃഷിയിറക്കാനായി ചെലവാകുന്ന തുകയുടെ അമ്പത് ശതമാനം ജില്ലാ പഞ്ചായത്തും 10 ശതമാനം ബ്ലോക്ക് പഞ്ചായത്തും 40 ശതമാനം അതാത് പഞ്ചായത്തുകളുമാണ് കണ്ടെത്തേണ്ടത്.
സംയുക്ത പദ്ധതിയിൽ മുൻവർഷങ്ങളിലെ പോലെ ഇത്തവണയും കൂടുതൽ പഞ്ചായത്തുകൾ പദ്ധതിയുടെ ഭാഗമാകുമെന്നാണ് ജില്ലാപഞ്ചായത്തിന്റെ കണക്കുകൂട്ടൽ. വേളം, നൊച്ചാട് പഞ്ചായത്തുകൾക്ക് പുറമെ നിരവധി പഞ്ചായത്തുകൾ പദ്ധതിയുമായി ജില്ലാ പഞ്ചായത്തിനെ സമീപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഫെബ്രുവരിയോടെ നെൽകൃഷി ആരംഭിക്കും.
നെൽവയലുകളിൽ കാർഷികസമൃദ്ധി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ 2022 ലാണ് ജില്ലാ പഞ്ചായത്ത് ‘കതിരണി' പദ്ധതി ആരംഭിച്ചത്. ജില്ലയിലെ 200 ഹെക്ടർ തരിശുപാടങ്ങളെ കാർഷികയോഗ്യമാക്കാനായിരുന്നു ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ടത്.
രണ്ട് വർഷങ്ങളിലായി തിക്കോടി, തുറയൂർ, അത്തോളി, ഉള്ള്യേരി, ചങ്ങരോത്ത്, മണിയൂർ, മേപ്പയ്യൂർ തുടങ്ങിയ പഞ്ചായത്തുകളിലെ തരിശുഭൂമിയിൽ കൃഷിയിറക്കി 200 ഹെക്ടറെന്ന ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞു.കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവും വെല്ലുവിളിയാണെങ്കിലും പദ്ധതിയിലേക്ക് വീണ്ടും ജനങ്ങളെ ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
കൃഷിവകുപ്പ്, കേരള സർക്കാർ യന്ത്രവത്കരണ മിഷന്റെ ഭാഗമായുള്ള മലബാർ ടാസ്ക് ഫോഴ്സ്, തൊഴിലുറപ്പ് പദ്ധതി, ഹരിത കേരള മിഷൻ എന്നിവയുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.