മരുന്ന് വിതരണ പ്രതിസന്ധിക്ക് പരിഹാരമായില്ല
1495727
Thursday, January 16, 2025 5:29 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ മരുന്ന വിതരണ പ്രതിസന്ധിക്ക് പരിഹാരമായില്ല. മുഴുവന്‍ കുടിശികയും നല്കിയാല് മാത്രമേ മരുന്നിന്റെയും സര്‍ജിക്കല്‍ ഉപകരണങ്ങളുടെയും വിതരണം പുനരാരംഭിക്കൂവെന്ന നിലപാടിലാണ് കമ്പനികള്‍.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ന്യായവില മെഡിക്കൽ സ്റ്റോറുകളിലേക്കുള്ള മരുന്ന്, വിതരണ പ്രതിസന്ധി രണ്ടുദിവസത്തിനകം പരിഹഹരിക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചതെങ്കിലും പ്രശ്നപരിഹാരം നീണ്ടുപോകുകയാണ്.
മുഴുവന്‍ കുടിശികയും നല്‍കാതെ മരുന്നു വിതരണം പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍. ഹൃദ്രോഗ മരുന്നുകൾ കിട്ടാതെ ജനം വലയുകയാണ്. നിരവധി പേർക്ക് ഡയാലിസിസ് മുടങ്ങി.
എന്നിട്ടും പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ഏപ്രിൽ മുതൽ ഒമ്പതു മാസത്തെ കുടിശികയുണ്ടായിരുന്നു. വിതരണക്കാർക്ക് മേയ് മാസത്തെ കുടിശികകൂടി നൽകാമെന്നും മരുന്ന് വിതരണം പുനരാരംഭിക്കണമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ശ്രീജയൻ വിതരണക്കാരോട് ആവശ്യപ്പെട്ടിരുന്നു.
സമരം തുടങ്ങിയശേഷം ശനിയാഴ്ച ഏപ്രിൽ മാസത്തെ കുടിശിക അനുവദിച്ചിരുന്നു. എന്നാൽ, സെപ്റ്റംബര്‍ മാസത്തെ കുടിശിക ലഭിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആൾ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.