മൂന്നുമാസത്തിനിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയത് 1928 പരിശോധനകള്‍
1495717
Thursday, January 16, 2025 5:17 AM IST
കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ മൂന്നുമാസം ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ 1928 പരിശോധനകളില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിര്‍ദേശങ്ങള്‍ പാലിക്കാത്ത 233 സ്ഥാപനങ്ങളില്‍നിന്ന് 7,75,500 രൂപ പിഴ ചുമത്തി. ഇക്കാലയളവില്‍ 300 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 1033 സര്‍വെയ്ലന്‍സ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
വിധിയായ 34 അഡ്ജുഡിക്കേഷന് കേസുകള്‍ക്ക് 7.65 ലക്ഷം രൂപയും 17 പ്രോസിക്യൂഷന് കേസുകള്‍ക്ക് 7.89 ലക്ഷം പിഴയും പിഴ വിധിച്ചു. ഈ മൂന്ന് മാസക്കാലയളവില്‍ 7979 സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷനും 2191 ലൈസന്‍സും നല്കി. 960 ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആൻഡ് സര്ട്ടിഫിക്കേഷന് വഴി പരിശീലനം നല്കി.
ഈറ്റ് റൈറ്റ് ചലഞ്ചിന്റെ ഭാഗമായി ജില്ലയില്‍ 91 ഹോട്ടലുകള്‍ ഹൈജീന്‍ റേറ്റിംഗ് ഓഡിറ്റ് പൂര്‍ത്തിയാക്കി സര്‍ട്ടിഫൈ ചെയ്തതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ എ. സക്കീര്‍ ഹുസൈന് യോഗത്തില്‍ അറിയിച്ചു. മൂന്ന് സ്കൂളുകള്‍, ആറ് കോളജ് കാമ്പസുകള്‍, രണ്ട് ക്ഷേത്രങ്ങള്‍ എന്നിവ യഥാക്രമം ഈറ്റ് റൈറ്റ് സ്കൂള്‍, ഈറ്റ് റൈറ്റ് കാമ്പസ്, ഈറ്റ് റൈറ്റ് പ്ലെയ്സ് ഓഫ് വേര്‍ഷിപ്പ് ആയി സര്‍ട്ടിഫൈ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കീഴ്പ്പയ്യൂര്‍ വെസ്റ്റ് എല്‍പി സ്കൂള്‍, അല്‍ഫോന്‍സ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ താമരശ്ശേരി എന്നിവയ്ക്കുള്ള എഫ്എസ്എസ്എഐ യുടെ ഈറ്റ് റൈറ്റ് സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് വിതരണം ചെയ്തു. ജില്ലയിലെ 45 സ്കൂളുകളില്‍ ഷുഗര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. "നിറമല്ല രുചി' പ്രചാരണത്തിന്റെ ഭാഗമായി 23 ബോധവത്കരണ ക്ലാസുകള്‍ നടത്തി.