കൂരാച്ചുണ്ടിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസ നോട്ടീസ് നൽകി
1495720
Thursday, January 16, 2025 5:17 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയെ കോൺഗ്രസ് ജില്ലാ നേതൃത്വം പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസ നോട്ടീസ് നൽകി മുസ്ലിം ലീഗും എൽഡിഎഫും.
മുസ്ലിം ലീഗ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ ഒ.കെ. അമ്മദ് ബിഡിഒയ്ക്ക് ഇന്നലെ നൽകിയ അവിശ്വാസ നോട്ടീസിൽ ലീഗിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫും എൽഡിഎഫിലെ അഞ്ച് അംഗങ്ങളും ഒപ്പുവെച്ചു.
ആറാം വാർഡ് അംഗമായ അരുൺ ജോസ് അവിശ്വാസത്തെ പിന്താങ്ങി. ഇതോടെ കൂരാച്ചുണ്ട് പഞ്ചായത്തിലെ യുഡിഎഫ് ഭരണം പ്രതിസന്ധിയിലായ നിലയിലാണ്. ആകെയുള്ള 13 സീറ്റുകളിൽ ലീഗ് അടക്കം ഏഴംഗങ്ങളാണ് നോട്ടീസിൽ ഒപ്പുവെച്ചത്.
കൂരാച്ചുണ്ടിലെ പൊതുസമൂഹത്തിന്റെ പിന്തുണയോടുകൂടെ തനിക്കെതിരേ നൽകിയ അവിശ്വാസത്തെ നേരിടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അറിയിച്ചു. എന്നാൽ ഈ വിഷയം സംബന്ധിച്ചുള്ള തീരുമാനങ്ങൾ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശാനുസരണമായിരിക്കുമെന്ന് കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ താൽക്കാലിക ചുമതലയുള്ള ഡിസിസി ജനറൽ സെക്രട്ടറി അഗസ്റ്റിൻ കാരക്കട പറഞ്ഞു.