പയ്യോളി ബസ് സ്റ്റാന്‍ഡ് പാര്‍ക്കിംഗ് കേന്ദ്രമായി : വ്യാപാരികള്‍ ദുരിതത്തിൽ
1495713
Thursday, January 16, 2025 5:17 AM IST
പയ്യോളി: ബസ് സ്റ്റാന്‍ഡ് പാര്‍ക്കിംഗ് കേന്ദ്രമായി മാറിയതോടെ സ്റ്റാന്‍ഡിലെ വ്യാപാരികള്‍ ദുരിതത്തിലായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി ബസ് സ്റ്റാന്‍ഡിനകത്ത് ഓട്ടോറിക്ഷകള്‍ക്ക് സ്റ്റാൻഡ് അനുവദിച്ചതോടെയാണ് വ്യാപാരികളുടെ ദുരിതം തുടങ്ങിയത്. അന്ന് ഏറെ എതിര്‍പ്പുകളും വിവാദങ്ങളും ഈ ഓട്ടോറിക്ഷ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു.
പക്ഷേ അതൊന്നും ഗൗനിക്കാതെ പോലീസിനെ ഉപയോഗിച്ച് ബസ് സ്റ്റാന്‍ഡിനകത്ത് ഓട്ടോറിക്ഷ സ്റ്റാന്‍ഡ് ആരംഭിക്കുകയായിരുന്നു. പിന്നീട് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇല്ലാതായ ടാക്സി സ്റ്റാന്‍ഡിലെ വാഹനങ്ങളും ബസ് സ്റ്റാന്‍ഡിനകത്ത് നിര്‍ത്തിയിടാന്‍ തുടങ്ങി. ഇപ്പോള്‍ ഇരുചക്ര വാഹനങ്ങളും കാറുകളും തുടങ്ങി പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വരെ നിര്‍ത്തിയിടുന്ന സ്ഥലമായി ബസ്സ്റ്റാന്‍ഡ് മാറി.
പയ്യോളിയില്‍ നിന്ന് യാത്ര പുറപ്പെടുന്നതും അവസാനിപ്പിക്കുന്നതുമായ ബസ് റൂട്ടുകള്‍ ഇല്ലെന്ന് പറയുന്നു. എന്നിട്ടും രാത്രികാലങ്ങളിലും മറ്റും ബസുകള്‍ ദീര്‍ഘസമയം നിര്‍ത്തിയിടുന്നത് സ്റ്റാന്‍ഡിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന ഉപഭോക്താക്കള്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നതായി നേരത്തെ പരാതിയുണ്ട്.
ഒരുകാലത്ത് ടൗണിലെ ഏറ്റവും തിരക്കേറിയ വ്യാപാരകേന്ദ്രമായ ബസ് സ്റ്റാന്‍ഡ് പരിസരം ഇപ്പോള്‍ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ്. അനധികൃത പാര്‍ക്കിംഗിനെതിരേ നിരവധി തവണ പോലീസിനും നഗരസഭയ്ക്കും പരാതി നല്‍കിയിട്ടും കാര്യക്ഷമമായ നടപടി സ്വീകരിച്ചില്ലായെന്ന് വ്യാപാരികള്‍ പറയുന്നു.
വാടക വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നഗരസഭ കര്‍ക്കശ നിലപാട് സ്വീകരിക്കുമ്പോള്‍ വ്യാപാരികളുടെ പരാതികള്‍ ചെവി കൊള്ളുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വ്യാപാര മാന്ദ്യത്തെ തുടര്‍ന്ന് പല കച്ചവട സ്ഥാപനങ്ങളും ബസ്സ്റ്റാന്‍ഡില്‍ നിന്ന് ഒഴിവായിട്ടുണ്ട്.
മറ്റു ടൗണുകളിലെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് വ്യത്യസ്തമായി പയ്യോളിയിലേത് ബസ് ബേ ആണെന്നും ഇതുമൂലം ബസുകള്‍ സ്ഥിരമായി നിര്‍ത്താന്‍ പാടില്ലെന്നും ഇക്കാര്യത്തില്‍ പോലീസും നഗരസഭാ അധികൃതരും അനുകൂല നിലപാട് സ്വീകരിക്കണമെന്നും ബസ് സ്റ്റാന്‍ഡിലെ വ്യാപാരികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.