പി.ടി. ഉഷ എംപി ഇടപെട്ടു; പെരുമാള്‍പുരത്തെ ദുരിതയാത്രയ്ക്ക് പരിഹാരമാകുന്നു
1494085
Friday, January 10, 2025 5:16 AM IST
പയ്യോളി: റോഡിന്റെ ശോചനീയാവസ്ഥയും പൊടിശല്യവും കാരണമുണ്ടാവുന്ന പെരുമാള്‍പുരത്തെ ദുരിതത്തിന് പരിഹാരമാകുന്നു. പി.ടി ഉഷ എം.പിയുടെ ഇടപെടലിനെ തുടർന്നാണ് പ്രശ്നം പരിഹരിക്കുന്നത്.
ദേശീയപാത നിര്‍മാണ കരാര്‍ കമ്പനിയായ വഗാഡിന്റെ ലോറികളും ജീപ്പുകളും കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞു പ്രതിഷേധിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി കരാര്‍ കമ്പനി പ്രതിനിധികളെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല.
പെരുമാള്‍പുരം പെട്രോള്‍ പമ്പു മുതല്‍ അടിപ്പാത വരെയുള്ള ഭാഗത്തെ സര്‍വീസ് റോഡ് ഉയര്‍ത്തി വെള്ളക്കെട്ട് പ്രശ്നം ശാശ്വതമായി പരിഹരിക്കനാമെന്നായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നും ഇതിന് ദേശീയപാത അതോറിറ്റിയുടെ അനുമതി വേണമെന്നുമായിരുന്നു കമ്പനി നിലപാട്.
തുടര്‍ന്നാണ് വിഷയം പി.ടി ഉഷയുടെ ശ്രദ്ധയില്‍ പ്പെടുത്തുന്നതും ഉഷയുടെ ഇടപെടലില്‍ ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ അശുതോഷ്, എന്‍ജിനീയര്‍ രാജ് പാല് എന്നിവര്‍ ഉഷയുടെ പെരുമാള്‍പുരത്തെ വസതിയിലെത്തി അനുമതിയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കാമെന്നും ഉറപ്പ് നല്‍കിയത്.
അടിപ്പാത മുതല്‍ പെരുമാള്‍പുരം വരെയുള്ള ഭാഗത്തെ പൊടി ശല്യം പൂര്‍ണമായും മാറ്റാനുള്ള നടപടികളും ഇതോടൊപ്പം സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ബിജെപി പയ്യോളി മണ്ഡലം പ്രസിഡന്റ് എ.കെ. ബൈജു, വാര്‍ഡ് മെംബര്‍ ബിനു കരോളി പ്രദേശത്തെ വ്യാപാരികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.