വനിത മെംബറെ അധിക്ഷേപിച്ച സംഭവം; ശക്തമായ നടപടിയുണ്ടാവുമെന്ന് ലീഗ്
1493806
Thursday, January 9, 2025 5:02 AM IST
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമസഭയിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ വി. ഷംലൂലത്തിനെ അധിക്ഷേപിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.കെ. അഷ്റഫ് പറഞ്ഞു.
മെമ്പർക്കെതിരേ പാർട്ടി അംഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് ഒരിക്കലും അംഗീകരിക്കാനാവാത്ത നടപടിയാണ്. രണ്ടര വർഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും ഇപ്പോൾ പഞ്ചായത്തംഗമായും ഏറ്റവും മാതൃകപരമായി പ്രവർത്തിക്കുകയും ഏറ്റവുമധികം വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തയാളാണ് വി. ഷംലൂലത്തെന്നും എൻ.കെ അഷ്റഫ് പറഞ്ഞു.
ഗ്രാമപഞ്ചായത്തംഗമായ വി. ഷംലൂലത്തിനെതിരായി ഗ്രാമസഭയിൽ പാർട്ടി അംഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടി അംഗീകരിക്കാനാവില്ലെന്ന് മുസ്ലീം ലീഗ് പാർലമെന്ററി പാർട്ടി നേതാവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഫസൽ കൊടിയത്തൂർ പറഞ്ഞു. വിഷയം ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ പാർട്ടി നേതൃത്വവുമായി സംസാരിച്ചിരുന്നു.
സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും നിലവിൽ ഫണ്ട് വെച്ച റോഡുകളുടെ കാര്യത്തിലാണ് യാതൊരു പ്രകോപനവുമില്ലാതെ മെമ്പറെ അധിക്ഷേപിച്ചതെന്നും ഫസൽ കൊടിയത്തൂർ പറഞ്ഞു.