ബീച്ച് ആശുപത്രിയില്‍ "ഇന്റര്‍നെറ്റ്’ ദുരിതം
1494079
Friday, January 10, 2025 5:16 AM IST
കോഴിക്കോട്: ബിഎസ്എൻഎൽ സെർവർ പണിമുടക്കുന്നത് ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ രോഗികൾക്ക് ചികിത്സ വൈകാൻ ഇടയാക്കുന്നു. ഇന്റർനെറ്റ് തകരാർ കാരണം ഇൻഷുറൻസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ നിരവധി പേർക്ക് സർജറി മുടങ്ങിയതായി പരാതി ഉയർന്നു.
റേഡിയോളജി വിഭാഗത്തിൽനിന്നുള്ള പരിശോധന റിപ്പോർട്ടുകളും നെറ്റ് ലഭിക്കാത്തതുകാരണം വൈകുകയാണ്. ഇതും രോഗികൾക്ക് ചികിത്സ വൈകാൻ ഇടയാക്കുന്നു. ഇന്റർനെറ്റ് വഴി ഡേറ്റ അപ് ലോഡ് ചെയ്യുന്ന ചികിത്സകളും സേവനങ്ങളും എല്ലാം മുടങ്ങുകയാണ്. ഇത് ബിൽ കൗണ്ടറുകൾക്കു മുന്നിലും കാരുണ്യ കൗണ്ടറിനു മുന്നിലും വലിയ തിരക്കിനും ഇടയാക്കുന്നു.
രണ്ടാഴ്ചയിൽ അധികമായി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഇന്റർനെറ്റ് സേവനം തകരാറിലായിട്ട്.അത്യാഹിത വിഭാഗത്തിലുള്ള ഒ.പി രജിസ്ട്രേഷൻ, കാരുണ്യ അടക്കമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ, വിവിധതരം പരിശോധന ഫലങ്ങളുടെ റിസൽട്ട് എന്നിവ വൈകാനും ഇത് ഇടയാക്കുന്നു.
ആശുപത്രിയുടെ അക്കൗണ്ടിൽ നിന്ന് ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിന് കഴിയാത്ത അവസ്ഥയാണ്. ബാങ്ക് ഇടപാടുകൾക്കും മറ്റും ഒടിപി മെസേജ് ലഭിക്കാനും ദീർഘ സമയമെടുക്കുന്നതിനാൽ, ടൈം ഔട്ട് ആയി കൺഫർമേഷൻ ലഭിക്കുന്നില്ല.
കാരുണ്യ ആരോഗ്യ ഇൻഷുറൻസ് വഴി സർജറി അടക്കമുള്ള ചികിത്സ ലഭ്യമാക്കുന്നതിന് കാരുണ്യ വെബ്സൈറ്റ് വഴി ഡേറ്റയും രോഗിയുടെ വിരലടയാളവും അപ് ലോഡ് ചെയ്ത് അപ്രൂവൽ വാങ്ങണം. സർജറിക്ക് മുമ്പുതന്നെ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലേ രോഗിക്ക് ചികിത്സ ആനുകൂല്യം ലഭിക്കൂ. ഇക്കാര്യത്തില്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് ആശുപത്രിയില്‍ എത്തുന്നവരുടെ ആവശ്യം.