പുതുക്കി പണിതിട്ട് ഒരുവർഷം : ഉദ്ഘാടനം കാത്ത് സർക്കാർ ഹോമിയോ ആശുപത്രി കെട്ടിടം
1493799
Thursday, January 9, 2025 5:02 AM IST
തിരുവമ്പാടി: തിരുവമ്പാടി സർക്കാർ ഹോമിയോ ആശുപത്രി കെട്ടിടം പുതുക്കി പണിത് ഒരു വർഷം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇതോടെ നവീകരിച്ച കെട്ടിടത്തിന്റെ പരിസരവും മുറ്റവും കാടുമൂടിയ നിലയിലായി. ഒരു വർഷത്തിലേറെയായി ഹോമിയോ ആശുപത്രി താഴെ തിരുവമ്പാടിയിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
വാടക ഇനത്തിൽ പഞ്ചായത്തിന് ലക്ഷങ്ങളാണ് നഷ്ടം കെട്ടിടം തെരുവുനായ്ക്കൾ താവളമാക്കിയിരിക്കുകയാണ്. കെട്ടിട നിർമാണം പൂർത്തിയായിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. രാഷ്ട്രീയ പാർട്ടികൾ ഉൾപ്പടെ പ്രതിഷേധവുമായി രംഗത്തുണ്ട്.
ജനങ്ങളുടെ നികുതിപ്പണം അനാവശ്യമായി ചെലവഴിക്കുന്ന തിരുവമ്പാടി പഞ്ചായത്ത് പ്രശ്നത്തിന് ഉടനടി പരിഹാരമുണ്ടാക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
നടപടിയുണ്ടായില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ചു ശക്തമായ സമരം നടത്താന്റ ആം ആദ്മി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ആം ആദ്മി പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടോയൻ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തങ്കച്ചൻ തെക്കേക്കര, പോൾ മുട്ടത്ത്,
വിൻസെന്റ് അരഞ്ഞാണി പുത്തൻപുര, ബേബി ആലക്കൽ, തോമസ് പുത്തൻപുര, സണ്ണി വി. ജോസഫ്, സിബി ജോസഫ്, ജെയിംസ് മറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.