കല്ലാനോട് പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണം കവർന്നു
1493807
Thursday, January 9, 2025 5:02 AM IST
കൂരാച്ചുണ്ട്: കല്ലാനോടുള്ള പൂട്ടിയിട്ട വീട്ടിൽ നിന്നും വാതിലിന്റെ പൂട്ട് കുത്തിത്തുറന്ന് നാല് പവൻ സ്വർണവും 5000 രൂപയും കവർന്നു. കാനാട്ട് ബസ് സ്റ്റോപ്പിന് സമീപത്തെ കിഴക്കുംപുറം ത്രേസ്യാമ്മയുടെ വീട്ടിലാണ് കവർച്ച നടന്നത്.
വീട്ടുടമയായ ത്രേസ്യാമ്മ കഴിഞ്ഞ ഞായറാഴ്ച കക്കയത്തുള്ള സഹോദരന്റെ വീട്ടിൽ പോയി ബുധനാഴ്ച രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് പൊട്ടിച്ച നിലയിൽ കണ്ടത്.
കൂടാതെ അലമാരയിലെ സാധനങ്ങൾ വലിച്ചിട്ട നിലയിലുമായിരുന്നു. പിന്നീടാണ് അലമാരയിൽ നിന്നും സ്വർണവും, പണവും നഷ്ടപ്പെട്ടുവെന്നറിയുന്നത്.തുടർന്ന് കൂരാച്ചുണ്ട് പോലീസിൽ വിവരം അറിയിക്കുകയും വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.