താമരശേരിയിൽ റവന്യു ടവർ അനുവദിക്കും: മന്ത്രി കെ. രാജൻ
1494083
Friday, January 10, 2025 5:16 AM IST
താമരശേരി: മിനി സിവിൽ സ്റ്റേഷനിൽ സ്ഥലപരിമിതിയാൽ വീർപ്പ് മുട്ടുന്ന താമരശേരി താലൂക്ക് ഓഫീസിന് ശാശ്വത പരിഹാരമായി താമരശേരിയിൽ റവന്യു ടവർ അനുവദിക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു.
താമരശേരിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വികസന സമിതിയുടെ ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദന്റെ നേതൃത്വത്തിൽ കൺവീനർ വി.കെ. അഷ്റഫ്, സമിതി മെമ്പർ റാഷി താമരശേരി തുടങ്ങിയവർ മന്ത്രിക്ക് നൽകിയ നിവേദനത്തിന് മറുപടിയായി അറിയിച്ചതാണ് ഇക്കാര്യം.
മലയോര താലൂക്കിന്റെ ആസ്ഥാനമായ താമരശേരി താലൂക്കിന്റെ വികസന കാര്യത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി.
റവന്യൂ ടവർ യാഥാർഥ്യമാവുന്ന തോട് കൂടി വാടക കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന പല ഓഫീസുകളും ഒരു കുടക്കീഴിലാക്കുവാൻ സാധിക്കും. ഇതിനായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സൗജന്യമായി ലഭ്യമാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി നേരത്തെ തീരുമാനിച്ചിരുന്നു.
താമരശേരി താലൂക്ക് ആശുപ്രതി ഹെഡ്ക്വാർട്ടേർസ് ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് ഡോ. എം.കെ. മുനീർ എംഎൽഎയുടെ സാന്നിധ്യത്തിൽ സമിതി ചെയർമാന്റെ നേതൃത്വത്തിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജിനും വികസന സമിതിയുടെ നിവേദനം നൽകി.
താമരശേരി കെഎസ് ആർടിസി ഡിപ്പോയുടെ സമഗ്രവികസനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനും സമിതി നിവേദനം കൈമാറി.
കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട കെഎസ്ആര്‍ടിസി ഡിപ്പോകളിലൊന്നായ താമരശേരി സബ് ഡിപ്പോയുടെ സമഗ്രവികസനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ വികസന സമിതി ഭാരവാഹികളെ അറിയിച്ചു.