ദേശീയ സിമ്പോസിയത്തിനു സുഗന്ധവിള ഗവേഷണ സ്ഥാപനത്തില്‍ തുടക്കമായി
1493808
Thursday, January 9, 2025 5:02 AM IST
കോഴിക്കോട്: സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചും സുഗന്ധവിളകളെക്കുറിച്ചുമുള്ള ത്രിദിന ദേശീയ സിമ്പോസിയത്തിനു കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തില്‍ തുടക്കമായി. ഇന്ത്യന്‍ സൊസൈറ്റി ഓഫ് സ്പൈസസ് സംഘടിപ്പിക്കുന്ന നാഷണല്‍ സിമ്പോസിയം ഓണ്‍ സ്പൈസസ് ആന്‍ഡ് ആരോമാറ്റിക് ക്രോപ്സിന്റെ (സിംസാക്) പതിനൊന്നാം പതിപ്പാണ് വ്യാഴാഴ്ച വരെ ഗവേഷണകേന്ദ്രത്തില്‍ നടക്കുന്നത്.
സിമ്പോസിയം ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. സഞ്ജയ് കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര വിപണികളില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ പ്രാധാന്യം, ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ അനിവാര്യത എന്നിവ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഐസിഎആര്‍ അസി. ഡയറക്ടര്‍ ജനറല്‍ ഡോ. സുധാകര്‍ പാണ്ഡെ ചടങ്ങില്‍ വിശിഷ്ടാതിഥിയായി.
ഐഐഎസ്ആര്‍ ഡയറക്ടര്‍ ഡോ. ആര്. ദിനേശ്, കോഴിക്കോട് അടക്ക സുഗന്ധവിള ഗവേഷണ ഡയറക്ടറേറ്റ് ഡയറക്ടര്‍ ഡോ. ഹോമി ചെറിയാന്, സിഡബ്ല്യുആര്‍ഡിഎം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവല്‍, നബാര്‍ഡ് തിരുവനന്തപുരം മേഖല ഓഫീസ് ജനറല്‍ മാനേജര്‍ എച്ച്. മനോജ്, ഡോ. വി. ശ്രീനിവാസന് എന്നിവര്‍ പ്രസംഗിച്ചു.
"നൂതന ഉല്പാദനരീതികള്, ഉല്പന്ന വൈവിധ്യവല്‍ക്കരണം, വിനിയോഗം എന്നിവയ്ക്കുള്ള മാര്‍ഗങ്ങള്‍' എന്ന വിഷയത്തിലുള്ള ഇരുന്നൂറോളം വിഷയാവതരണങ്ങള്‍ സിമ്പോസിയത്തിന്റെ ഭാഗമായി നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിദ്യാര്‍ഥികള്‍, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
സിമ്പോസിയത്തോടനുബന്ധിച്ച് കര്‍ഷക വ്യവസായ മേഖലയില്‍ നിന്നുള്ളവര്‍ നയിക്കുന്ന ചര്‍ച്ചയും നാളെ നടക്കും. ഐഐഎസ്ആര്‍ ചന്ദ്ര, ഐഐഎസ്ആര്‍ പ്രതിഭ എന്നിവയുടെ പുതിയ ഉല്പാദന ലൈസൻസുകളും ചടങ്ങില്‍ വച്ച് കൈമാറി.