"ഇനി ഞാനൊഴുകട്ടെ' മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് കാരശേരി പഞ്ചായത്തിൽ തുടക്കമായി
1493804
Thursday, January 9, 2025 5:02 AM IST
മുക്കം: ജലാശയങ്ങളുടെ സംരക്ഷണത്തിനായി നടപ്പാക്കുന്ന "ഇനി ഞാനൊഴുകട്ടെ' മൂന്നാം ഘട്ട പ്രവർത്തത്തനങ്ങൾക്ക് കാരശേരി പഞ്ചായത്തിൽ തുടക്കമായി. കൽപ്പൂര് വയൽ കാളിയടത്ത് തോടിൽ പഞ്ചായത്ത് തല പ്രവർത്തി ആരംഭിച്ചു. കാരശേരി പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തദേവി മൂത്തേടത്ത്, പഞ്ചായത്ത് അംഗമായ കെ. കൃഷ്ണദാസ്, മഹത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എൻജിനീയർ ഷാഫി, ഓവർസീയർമാരായ സെയ്ദ്, അംജീദ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്, പ്രദേശ വാസികളായ സാദിക്കലി പുൽപറമ്പിൽ, രാമൻ വയലിൽ,തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്തിലെ മുണ്ടിത്തോട് നീർത്തടത്തിലെ കൽപ്പൂര് ഭാഗത്തു നിന്നും കാരമൂല ചെറുപുഴ പുഴയിലേക്ക് ഒഴുകുന്ന തോടിലെ ഒരു കിലോമീറ്റർ ഭാഗത്ത് കാട് മൂടിയ ഭാഗവും മാലിന്യവും നീക്കം ചെയ്ത് കയർഭൂവസ്ത്രം വിരിക്കുന്ന പ്രവർത്തനത്തിനാണ് തുടക്കം കുറിച്ചത്. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ മാർച്ച് 30 വരെ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇനി ഞാൻ ഒഴുകട്ടെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടക്കുന്നത്.
സംസ്ഥാനത്തെ മുഴുവൻ നീർച്ചാലുകളും ശുചീകരിച്ചു വീണ്ടെടുക്കുന്ന പ്രവർത്തനം മാർച്ച് മാസത്തോടെ പൂർത്തിയാക്കും. അതാത് പ്രദേശത്തെ ജനകീയ പങ്കാളിത്തത്തോടെ ഈ പ്രവർത്തനം നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പ്രദേശിക സംഘടനകൾ, റസിഡൻസ് അസോസിയേഷൻസ്, കോളജ് , സ്കൂൾ എൻഎസ്എസ് വിദ്യാർഥികൾ, വ്യാപാരി വ്യവസായ സംഘടനകൾ, എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനം നടത്തുന്നത്.