ദൃശ്യവിരുന്നൊരുക്കി കോഴിക്കോട് രൂപതയുടെ മഹാക്രിസ്മസ് ഘോഷയാത്ര
1492577
Sunday, January 5, 2025 4:52 AM IST
കോഴിക്കോട്: കോഴിക്കോട് നഗരത്തിനു ദൃശ്യവിരുന്നായി കോഴിക്കോട് രൂപത സംഘടിപ്പിച്ച പ്രഥമ 'ഫെലിക്സ് നതാലിസ്' മഹാക്രിസ്മസ് ഘോഷയാത്ര. കോഴിക്കോട് സിറ്റി സെന്റ് ജോസഫ്സ് ദേവാലയത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര രാത്രി ഏഴോടെ ബീച്ച് ഫ്രീഡം സ്ക്വയറില്‍ സമാപിച്ചു.
ആയിരത്തിലധികം ക്രിസ്മസ് പാപ്പമാരാണ് കോഴിക്കോടിനെ ഇളക്കിമറിച്ച ഘോഷയാത്രയില്‍ പങ്കെടുത്തത്. കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രാവുകളെ പറപ്പിച്ചാണ് ഘോഷയാത്രയ്ക്കു തുടക്കം കുറിച്ചത്. മാനവികതയെ വിണ്ണില്‍നിന്നും മണ്ണിലേക്ക് ഉയര്‍ത്തുവാനാണ് ക്രിസ്തു ജനിച്ചത്.
അതുകൊണ്ട് തന്നെ സകലരും ജാതി മത ഭേദമന്യേ അംഗീകരിക്കുന്ന ഒരു സ്നേഹ സന്ദേശമാണ് ക്രിസ്തുവില്‍ ഉള്ളതെന്ന് ബിഷപ് പറഞ്ഞു. കോഴിക്കോട് രൂപതയുടെ മീഡിയ സെന്ററായ പാക്സ് കമ്മ്യൂണിക്കേഷന്‍സ് സംഘടിപ്പിച്ച ഫ്ളാഷ്മോബും ഉദ്ഘാടനച്ചടങ്ങിന് പകിട്ടേകി.
സമാപന സമ്മേളനം കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് സ്വിച്ച് ഓണ്‍ കര്‍മ്മത്തിലൂടെ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക നഗരമായ കോഴിക്കോടിനെ സമാധാനത്തിന്റെ പറുദീസയാക്കി മാറ്റാന്‍ ഇത്തരത്തിലുള്ള കൂടിച്ചേരലുകള്‍ക്ക് സാധികട്ടെയെന്ന് മേയര്‍ ആശംസിച്ചു. ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം വര്‍ണശബളമാക്കി പാക്സ് കമ്മ്യൂണിക്കേഷന്‍സിന്റെ നേതൃത്വത്തില്‍ തീം സോംഗ് പ്രസന്റേഷനും മേരിക്കുന്ന് നിര്‍മല നഴ്സിംഗ് സ്കൂളും പ്രൊവിഡന്‍സ് കോളജും സംയുക്തമായി ഫ്യൂഷന്‍ ഡാന്‍സും നാടകവും അവതരിപ്പിച്ചു. രൂപത ഫൊറോന വികാരി ഫാ. ജെറോം ചിങ്ങന്തറ നന്ദി പറഞ്ഞു. വികാരി ജനറല്‍ മോണ്‍. ജെന്സന് പുത്തന്‍വീട്ടില്‍ നേതൃത്വം നല്കി.