മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയം പുതുക്കി പണിയുന്നു
1492567
Sunday, January 5, 2025 4:32 AM IST
കോഴിക്കോട്: കാലപ്പഴക്കം മൂലം പൊളിച്ചു മാറ്റിയ കോഴിക്കോട് മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയം പുതുക്കി പണിയുന്നു. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന ദേവാലയത്തിന്റെ തറക്കല്ലിടല്‍ ഏഴിന് കോഴിക്കോട് രൂപതാ മെത്രാന് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ നിര്‍വഹിക്കും.
രാവിലെ 6.30ന്റെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഏഴിന് നടക്കുന്ന ചടങ്ങില്‍ ഈശോസഭാ പ്രൊവിന്‍ഷ്യല്‍ ഫാ. ഇ.പി. മാത്യു, ജസ്യൂട്ട് ആസ്ഥാനത്തെ മറ്റ് വൈദികര്‍, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കും. മലബാറിലെ അതിപുരാതന ദേവാലയങ്ങളിലൊന്നായ കോഴിക്കോട് മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയം കോഴിക്കോട്ടെ ഏറ്റവും പഴക്കമേറിയ ലത്തീന്‍ കത്തോലിക്കാ ദേവാലയങ്ങളിലൊന്നാണ്.
കേരളത്തിലെ സൊസൈറ്റി ഓഫ് ജീസസിന്റെ മദര്‍ ഹൗസ് ആയ ക്രൈസ്റ്റ് ഹാളിനോടു ചേര്‍ന്ന് 1934 ലാണ് ക്രിസ്തുരാജ ദേവാലയം സ്ഥാപിതമായത്. ഒന്‍പത് പതിറ്റാണ്ടിന്റെ മഹത്തായ പാരമ്പര്യമുള്ള ദേവാലയത്തില്‍ ആയിരക്കണക്കിന് തിരുക്കര്‍മ്മങ്ങള്‍ നടന്നിട്ടുണ്ട്.
ഒന്നര വര്‍ഷം മുന്‍പ് പഴയ ദേവാലയം പൊളിച്ചതിന് ശേഷം ജസ്യൂട്ട് ആസ്ഥാനമായ ക്രൈസ്റ്റ് ഹാളിലെ കൊച്ചു ചാപ്പലിലാണ് ദിവ്യബലിയും മറ്റ് തിരുക്കര്‍മ്മങ്ങളും നടത്തി വരുന്നത്. മലാപ്പറമ്പ് ബൈപാസിന് അഭിമുഖമായുള്ള നിര്‍ദിഷ്ട ദേവാലയത്തിന്റെ നിര്‍മ്മാണം വൈകാതെ പൂര്‍ത്തിയാകും.