ശിവന്‍കുട്ടിയെ വിദ്യാഭ്യാസമന്ത്രിയാക്കിയവരെ മുക്കാലിയില്‍ കെട്ടി അടിക്കണമെന്ന് ചെന്നിത്തല
1492576
Sunday, January 5, 2025 4:52 AM IST
കോഴിക്കോട്: വി. ശിവന്‍കുട്ടിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയവരെ മുക്കാലിയില്‍ കെട്ടി അടിക്കണമെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി നടത്തിയ ഡിഡിഇ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം. ചോദ്യക്കടലാസല്ലേ ചോര്‍ന്നുള്ളു, ഉത്തരക്കടലാസ് ചോര്‍ന്നില്ലല്ലോ എന്ന തരത്തില്‍ വി. ശിവന്‍കുട്ടി നടത്തിയ പ്രസ്താവനയെയാണ് ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചത്.
മറ്റൊരുകാലത്തും ഉണ്ടാകാത്ത രീതിയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നത് കേരളത്തില്‍ വലിയ ഞെട്ടലുണ്ടാക്കി. പരീക്ഷകള്‍ സത്യസന്ധമായും സുതാര്യമായും നടത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാവേണ്ടത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഹൈക്കമാന്‍ഡ് തീരുമാനിക്കും. സമസ്തയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ചര്‍ച്ചയാക്കേണ്ടതില്ല. എല്ലാ മത സാമുദായിക സംഘടനകളുമായി കോണ്‍ഗ്രസിനു നല്ല ബന്ധമാണുള്ളത്. ജമാ അതെ ഇസ്ലാമി ആസ്ഥാനത്തു പോയ ആളാണ് മുഖ്യമന്ത്രി.
ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയാണോയെന്നു സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ആളല്ല താന്‍. ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ചു കയറുന്ന വിഷയത്തിലൊന്നും അഭിപ്രായം പറയാന്‍ ഇല്ല. അക്കാര്യം അതാത് മത -സമുദായിക സംഘടനകള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും അദേഹം വ്യക്തമാക്കി.