കുടുംബശ്രീയുടെ അഴിമതി അന്വേഷിക്കണം: യുഡിഎഫ്
1492570
Sunday, January 5, 2025 4:32 AM IST
പേരാമ്പ്ര: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച കുടുംബശ്രീ പേരാമ്പ്ര പഞ്ചായത്ത് സിഡി എസിന്റെ നേതൃത്വത്തിൽ നടക്കുന്ന അഴിമതിയും തട്ടിപ്പും അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കണമെന്നും പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ഭാരവാഹികളായ രാജൻ മരുതേരി, പി.കെ. രാഗേഷ്, കെ.പി. റസാഖ്, ആർ.കെ. മുഹമ്മദ്, കെ.സി. രവീന്ദ്രൻ, കെ.സി. മുഹമ്മദ് എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ജെഎൽജിയും തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങളും കൂട്ടി യോജിപ്പിച്ചാണ് പല വാർഡുകളിലും തട്ടിപ്പ് നടക്കുന്നതെന്നു നേതാക്കൾ ആരോപിച്ചു.
എഡിഎസും സിഡിഎസും തൊഴിലുറപ്പ് മേറ്റുമാരും പല വാർഡുകളിലും ഒരേ ആളുകൾ തന്നെയാണ്. പാട്ടകൃഷി എന്ന പേരിലാണ് മൂന്നോ നാലോ ആളുകൾ ചേർന്ന് ലോണിന് അപേക്ഷിക്കുന്നത്. അഞ്ച് ലക്ഷം രൂപ വരെ കുടുംബശ്രീ ജില്ലാ മിഷന്റെ അനുമതിയോടെ ലോൺ ലഭിക്കും. ഇതിന് നാല് ശതമാനം മാത്രമാണ് പലിശ. തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്കു വേണ്ടി കർഷകരിൽ നിന്നും വാങ്ങുന്ന നികുതി ശീട്ടാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്.
നികുതി ശീട്ടിന്റെ ഉടമസ്ഥന്റെ പറമ്പിലാണ് സംഘകൃഷി ചെയ്യുന്നത് എന്നാണ് കുടുംബശ്രീ ബാങ്കിനെ ധരിപ്പിക്കുന്നത്. ഇതിന് പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരും കുടുംബശ്രീയും ഒത്താശ ചെയ്യുകയാണ്. കർഷകർ തൊഴിലുറപ്പ് പ്രവൃത്തികൾക്കായി നൽകുന്ന നികുതി ശീട്ട് തിരുത്തി വ്യാജരേഖ ഉണ്ടാക്കുകയാണ്. പേരാമ്പ്ര പഞ്ചായത്ത് അഞ്ചാം വാർഡിൽ ക്രമക്കേടുകൾ പിടിക്കപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.
െ ഇതേ വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി നടത്തി പണം തട്ടിയതിന്റെ പേരിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. യുഡിഎഫ് സമര പരിപാടികൾ ആരംഭിക്കുമെന്നും പഞ്ചായത്ത് മേഖലയിൽ പ്രചരണ പരിപാടി നടത്തുമെന്നും യുഡിഎഫ് നേതാക്കർ അറിയിച്ചു.