സമ്മാനമടിച്ചുവെന്നു വിശ്വസിപ്പിച്ച് വയോധികയെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകളുമായി അജ്ഞാതന്‍ മുങ്ങി
1492105
Friday, January 3, 2025 4:17 AM IST
കോഴിക്കോട്: ലോട്ടറി വില്പനക്കാരിയെ കബളിപ്പിച്ച് ടിക്കറ്റുകളുമായി അജ്ഞാതന്‍ മുങ്ങി. ഫിഫ്റ്റി -ഫിഫ്റ്റി ലോട്ടറിയുടെ 12 ടിക്കറ്റുകള്‍ എടുത്ത തനിക്ക് 6000 രൂപ അടിച്ചുവെന്ന് പറഞ്ഞാണ് തട്ടിപ്പുകാരന് കൊട്ടാരം റോഡിലെ ജലജ എന്ന ലോട്ടറി വില്പനക്കാരിയുടെ അടുത്തെത്തിയത്. 2180 എന്ന ടിക്കറ്റ് നമ്പറിനായിരുന്നു 500 രൂപ അടിച്ചത്.
എന്നാല്‍ ഇയാള്‍ തന്റെ കയ്യിലുണ്ടായിരുന്നു 2181 എന്ന ടിക്കറ്റ് നമ്പര്‍ അവസാന അക്കം മാറ്റി ഇവര്‍ക്ക് നല്‍കുകയായിരുന്നു. ഇൗ നമ്പറുള്ള 12 ടിക്കറ്റുകളാണ് മാറ്റി നല്‍കിയത്. സമ്മാനത്തുക വേണ്ടെന്നും പകരം ലോട്ടറിടിക്കറ്റ് മതിയെന്നും പറഞ്ഞതോടെ ജലജ ഇയാള്‍ക്ക് 47 കാരുണ്യ പ്ലസ് , നിര്‍മല്‍ ടിക്കറ്റുകള്‍ നല്കി. ബാക്കി തുക പിന്നെവന്ന് വാങ്ങാമെന്നും പറഞ്ഞു.
അപരിചിതന് പോയശേഷം സംശയം തോന്നി ടിക്കറ്റ് നോക്കിയപ്പോഴാണ് എല്ലാ ടിക്കറ്റിന്റെയും അവസാന അക്കനമ്പര്‍ ചുരണ്ടി മാറ്റുകയായിരുന്നു എന്ന് വ്യക്തമായത്. കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായതോടെ ഇവര്‍ നടക്കാവ് പോലീസില്‍ പരാതി നല്കി. അമ്പതിന് മുകളില്‍ പ്രായം തോന്നുന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് ഇവര്‍ നല്കിയ പരാതിയില്‍ പറയുന്നു.