വന്യമൃഗങ്ങളില്‍നിന്ന് കൃഷി സംരക്ഷിക്കാന്‍ എഐ സംവിധാനം ഉപയോഗപ്പെടുത്തും
1492104
Friday, January 3, 2025 4:17 AM IST
എടക്കര: വനങ്ങളില്‍നിന്ന് പുഴകള്‍ ഒഴുകി വരുന്നതിന്റെ പേരില്‍ പുഴയിലെ വെള്ളവും മണലും എടുക്കരുതെന്ന വനനിയമ ഭേദഗതി നടപ്പാക്കണമെന്ന വനംവകുപ്പിന്റെ നിലപാട് ശരിയല്ലെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്.
മലപ്പുറം ജില്ലാ പഞ്ചായത്തും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തില്‍ സംഘടിപ്പിക്കുന്ന ’നിറപൊലി 25’ കാര്‍ഷിക മേളയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പുഴയിലെ വെള്ളത്തിന്റെ കാര്യത്തില്‍ നിയന്ത്രണം ആവശ്യമില്ല. മണലെടുക്കുന്നതിനും വെള്ളമെടുക്കുന്നതിനും അനുവാദം അനിവാര്യമാണ്. പുഴ ഒഴുകി വരുന്നിടത്തെല്ലാം വനനിയമം ബാധകമാക്കണമെന്ന വനംവകുപ്പിന്റെ വാദം ശരിയല്ല. ഇക്കാര്യത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കും.
കര്‍ഷകന്റെ രക്ഷക്ക് മുന്തിയ പ്രാധാന്യം കൊടുത്തേ മതിയാകൂ. ഉത്പാദകന് വില നിശ്ചയിക്കാന്‍ അവകാശമില്ലാത്തത് കാര്‍ഷിക മേഖലയില്‍ മാത്രമാണ്. ഇത് കര്‍ഷകര്‍ നേരിടുന്ന ദുരന്തവും വൈരുധ്യവുമാണ്. ലോകത്ത് ആയുര്‍ദൈര്‍ഘ്യവും ജനസംഖ്യയും കൂടി വരികയാണ്.
2050ല്‍ 970 കോടി ജനസംഖ്യ ഉണ്ടാകുമെന്നാണു കണക്കുകൂട്ടല്‍. ഇവരുടെ വിശപ്പ് ശമിക്കണമെങ്കില്‍ ഇപ്പോഴത്തെ ഭക്ഷ്യോത്പാദനം 80 ശതമാനമെങ്കിലും വര്‍ധിക്കണം. ഏറ്റവും കൂടുതല്‍ സംരക്ഷണം ആവശ്യമുള്ളത് കര്‍ഷകര്‍ക്കാണ്. കര്‍ഷകര്‍ സംരക്ഷിക്കപ്പെട്ടാല്‍ മാത്രമേ സമൂഹം നിലനില്ക്കുകയുള്ളൂ. കര്‍ഷകന്റെ എല്ലാ ആശങ്കങ്ങളും പരിഹരിക്കുകയും അവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.
കര്‍ഷകരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനായി നിര്‍മിത ബുദ്ധിയുടെ സഹായത്തോടയുള്ള പദ്ധതികള്‍ കൃഷിവകുപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. അടുത്ത അഞ്ചുവര്‍ഷം കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകും.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് കാര്‍ഷിക മേഖലയുടെ നവീകരണത്തിനായി 2,375 കോടി രൂപയുടെ പദ്ധതിക്ക് അന്തിമ അനുമതി ലഭിച്ചിട്ടുണ്ട്. കര്‍ഷകരും വന്യജീവികളുമായുള്ള സംഘര്‍ഷങ്ങള്‍ കുറയ്ക്കാനുള്ള പദ്ധതികളും ഈ തുക ഉപയോഗിച്ച് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 1980 നു ശേഷം ആദ്യമായാണ് ഇത്രയും വലിയ തുകയുടെ പദ്ധതി കൃഷിവകുപ്പ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ദ്വിതീയ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കിയാല് മാത്രമേ കര്ഷകന് വിലനിര്‍ണയാധികാരം സാധ്യമാവുകയുള്ളൂ. ഇതിനായി മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ മേഖലയിലേക്കു കര്‍ഷകര്‍ തിരിയണം.
മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം സംസ്ഥാനത്തെ 1,076 കൃഷിഭവനുകളിലൂടെ ഓരോ ഗ്രാമപഞ്ചായത്തിലും നടപ്പാക്കുക, കാര്‍ഷിക വിളകള്‍ സംരക്ഷിക്കുന്നതിന് സൗരോര്‍ജ വേലി നിര്‍മാണം, വന്യജീവി സംഘര്‍ഷം തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കേരളത്തില്‍ ഈ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിന് പുറമെ കര്‍ഷകര്‍ നേരിടുന്ന വന്യജീവി സംഘര്‍ഷം തടയാന്‍ 27 കോടി രൂപയുടെ പ്രത്യേക പദ്ധതികളും സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പി.വി. അബ്ദുള്‍ വഹാബ് എംപി, പി.വി. അന്‍വര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ വി.എം. വിനോദ്,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ്, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, നിലന്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു. ജനുവരി ആറ് വരെ കാര്‍ഷിക വിപണന മേള നീണ്ടുനില്‍ക്കും.