പുലാമന്തോളിൽ കൗമാരക്കാർക്കായി ബോധവത്കരണം
1546782
Wednesday, April 30, 2025 5:53 AM IST
പുലാമന്തോൾ: പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ചെമ്മലശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേൃത്വത്തിൽ കൗമാരപ്രായക്കാരായ കുട്ടികൾക്ക് ലഹരി വിരുദ്ധ സെമിനാർ, പോസ്റ്റർ പ്രദർശനം, കൗമാര ആരോഗ്യം സംബന്ധിച്ച ബോധവത്കരണ ക്ലാസ്, സെൽഫ് ഡിഫൻസ് സംബന്ധിച്ച് പ്രാഥമിക പരിശീലനം, ക്രാഫ്റ്റ് നിർമാണം എന്നിവ നടത്തി. ഗ്രാമപഞ്ചായത്തിലെ 13 അങ്കണവാടികൾ കേന്ദ്രീകരിച്ച് നൂറോളം കൗമാരക്കാർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. മേലാറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രം അഡോളസെന്റ് ഹെൽത്ത് കൗണ്‍സിലർ ഫാത്തിമത്ത് ഷഹല ക്ലാസിന് നേതൃത്വം നൽകി. ലഹരി സംബന്ധിച്ച് ബോധവത്കരണം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നടത്തി. വള്ളുവനാട് സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്വയംരക്ഷയ്ക്ക് പ്രാഥമിക പരിശീലനവും സംഘടിപ്പിച്ചു.
ക്രാഫ്റ്റ് എക്സിബിഷനിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച അങ്കണവാടികൾക്കുള്ള സമ്മാനദാനം മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് അനീസ് നിർവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ, പബ്ലിക് ഹെൽത്ത് നഴ്സ് ബീന, ജൂണിയർ പബ്ലിക് നഴ്സുമാരായ ഗീത, ആശ, രജനി, എംഎൽഎസ്പി നഴ്സുമാരായ റജീഷാ നിസാർ, ഷമീല, അനസ്, ആർബിഎസ്കെ നഴ്സ് സുനിഷ, ജെഎച്ച്ഐമാരായ ധന്യ, ജിജി, നഴ്സിംഗ് ഓഫീസർമാരായ രാഗി, രഞ്ജിനി എന്നിവർ നേതൃത്വം നൽകി.