നിലന്പൂർ ചന്തക്കുന്നിൽ ഗതാഗത കുരുക്ക് രൂക്ഷം
1546598
Tuesday, April 29, 2025 7:23 AM IST
നിലന്പൂർ: നിലന്പൂർ ചന്തക്കുന്നിൽ ഗതാഗത കുരുക്ക് രൂക്ഷം. വെളിയംതോട് മുതൽ നിലന്പൂർ വരെയുള്ള കെഎൻജി റോഡിലൂടെയുള്ള യാത്രയാണ് ദുരിതമാകുന്നത്. കുരുക്ക് ഒഴിവാക്കാൻ നടപടി വേണമെന്നാവശ്യവുമായി ബസ് ഓപറേറ്റഴ്സ് ഓർഗനൈസേഷൻ രംഗത്ത്.
സമയക്രമം പാലിക്കേണ്ട ബസുകളും ഗതാഗത കുരുക്കുമൂലം ഏറെ പ്രതിസന്ധിയിലാണ്. അന്തർസംസ്ഥാന പാതയായ കെഎൻജി റോഡ് സൈഡിലുള്ള ചന്തക്കുന്നിലെ നാല് സിനിമ തിയേറ്ററുകളിൽ നിന്ന് സിനിമ വിടുന്ന സമയത്ത് ആളുകളുടെ ബാഹുല്യവും തിയേറ്ററിലേക്ക് സിനിമ കാണാൻ വരുന്നവരുടെ വാഹനങ്ങൾ റോഡിന് വിലങ്ങനെയായി ഇറങ്ങുന്നതും കയറുന്നതും മെയിൻ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് ഏറെ സമയം കുരുക്കായി മാറുകയാണ്.
ഗതാഗത തടസമുണ്ടാക്കാതെ സിനിമ തിയേറ്ററിൽ നിന്ന് പുറത്തേക്ക് വരാൻ ബദൽ മാർഗവുമില്ല. സിനിമ തിയേറ്ററിന്റെ മുൻഭാഗത്തുള്ള വ്യാപാര സ്ഥാപനത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങളും കൂടിയാകുന്പോൾ ഗതാഗത തടസത്തിന്റെ വ്യാപ്തി വർധിക്കുന്നു. സ്ഥിരമായി മെയിൻ റോഡിൽ യാത്രക്കാർ പ്രയാസപ്പെടുകയാണ്.
വിഷയത്തിൽ അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ നിലന്പൂർ താലൂക്ക് കമ്മിറ്റി അഭ്യർഥിച്ചു. സിനിമ വിടുന്ന സമയത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് കാരണം മിനർവപ്പടി മുതൽ കരിന്പുഴ വരെ വാഹനങ്ങളുടെ നീണ്ടനിരയാണ്. രോഗികളുമായി പോകുന്ന ആംബുലൻസുകളും ഗതാഗത കുരുക്കിൽപ്പെടുന്നു.
ബസുകൾക്ക് പലപ്പോഴും ട്രിപ്പ് മുടക്കേണ്ടതായ സ്ഥിതിയാണ്. നാല് തിയേറ്റർ ഒരുമിച്ച് പ്രദർശനം അവസാനിപ്പിക്കാതെ പത്ത് മിനിട്ട് ഇടവിട്ട് സിനിമ വിടുന്നത് തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും യോഗം വിലയിരുത്തി. യോഗത്തിൽ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ അധ്യക്ഷത വഹിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് നിയാസ് ചാലിയാർ, താലൂക്ക് ഭാരവാഹികളായ ഉള്ളാട്ട് പറന്പൻ ഷൗക്കത്ത്, ബാബു മന്പാട്, എം. ഹമീദ് കുരിക്കൾ, കെ.ടി. മെഹബൂബ്, ജനീഷ് മോനുട്ടൻ, ജസ്ല കുട്ടൻ എന്നിവർ പ്രസംഗിച്ചു.