നൃത്തത്തിനായി സ്വയം സമർപ്പിച്ച് ആദിത്യൻ
1546771
Wednesday, April 30, 2025 5:47 AM IST
പെരിന്തൽമണ്ണ: ത്യാഗരാജ സ്വാമിയെക്കുറിച്ചുള്ള "വർണ’ത്തിന് മനോഹരമായി നൃത്തം ചവിട്ടി കേരളോത്സവവേദികളിൽ താരമായ ഒരു പ്രതിഭയുണ്ട് പെരിന്തൽമണ്ണയിൽ. ആദിത്യൻ കൊല്ലതൊടിയിൽ. മുട്ടുങ്ങൽ സിഎഎസ് ക്ലബിനുവേണ്ടി സംസ്ഥാന കേരളോത്സവ ഭരതനാട്യവേദിയിൽ ആദിത്യൻ ചുവടുവച്ചപ്പോൾ തേടിയെത്തിയത് ഒന്നാം സ്ഥാനമാണ്.
ആടുന്ന വർണം അഭിനയ-നൃത്ത മുഹൂർത്തങ്ങളിലൂടെ കാഴ്ചക്കാർക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള ആദിത്യന്റെ കഴിവ് തന്നെയാണ് അംഗീകാരം നേടികൊടുത്തത്. ഗുരു പ്രമോദ് തൃപ്പനച്ചി ചിട്ടപ്പെടുത്തിയ ത്യാഗരാജ സ്വാമി വർണമാണ് ആദിത്യൻ വേദിയിൽ അവതരിപ്പിച്ചത്. 15 വയസ് മുതൽ 30 വയസുവരെയുള്ളവർ പങ്കെടുത്ത എറണാകുളം കോതമംഗലത്തെ വേദിയിൽ ആദിത്യന്റെ നൃത്തം ഏറെ ശ്രദ്ധേയമായി.
അച്ഛൻ രാമചന്ദ്രനാണ് നൃത്തത്തിലേക്ക് പ്രചോദനമായത്. നാലാം ക്ലാസ് മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ ആദിത്യൻ മഞ്ചേരി ഭരത കലാക്ഷേത്രയിൽ നൃത്തം അഭ്യസിക്കുന്നു. എൻട്രൻസിന് തയാറെടുക്കുന്നതിനിടയിലും നൃത്തത്തിൽ സജീവമാണ് ഈ യുവ കലാകാരൻ.