നിലന്പൂർ ഉപതെരഞ്ഞെടുപ്പ് : പ്രഖ്യാപനം വൈകുന്നതിൽ മുന്നണികൾക്ക് ആശങ്ക
1546595
Tuesday, April 29, 2025 7:23 AM IST
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നതിൽ മുന്നണികൾക്ക് ആശങ്ക. പ്രഖ്യാപനം വൈകുന്നത് നേരത്തെ തന്നെ കളത്തിലിറങ്ങിയ രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മേയ് ആദ്യവാരമെങ്കിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായില്ലെങ്കിൽ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത കുറയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
നിലന്പൂർ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുമുള്ള സെമിഫൈനൽ മത്സരമായാണ് കണക്കാക്കുന്നത്. അതിനാൽ ഉപതെരഞ്ഞെടുപ്പ് മുന്നണികൾക്കും പി.വി. അൻവറിനും നിർണായകമാണ്. അണിയറയിൽ സ്ഥാനാർഥിത്വത്തിനായുള്ള നീക്കങ്ങളും വടംവലിയും തുടരുകയാണ്.
പി.വി. അൻവർ, എംഎൽഎ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് നിലന്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സിപിഎമ്മിന് സീറ്റ് നിലനിർത്തണം. കോണ്‍ഗ്രസിന് മണ്ഡലം തിരിച്ചുപിടിക്കണം. ബിജെപിക്ക് മണ്ഡലത്തിൽ കരുത്ത് കാട്ടണം.
പി.വി. അൻവറിന് നിലന്പൂരിൽ തന്റെ ശക്തി തെളിയിക്കണം. പ്രഖ്യാപനം വൈകുന്പോഴും നിലന്പൂരിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്, മന്ത്രി ജി.ആർ. അനിൽ, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ എംപി, ജില്ലാ സെക്രട്ടറി കൃഷ്ണദാസ്, എൻസിപി വർക്കിംഗ് പ്രസിഡന്റ് പി.എം.സുരേഷ് ബാബു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എ.പി.അനിൽകുമാർ എംഎൽഎ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി.അബ്ദുൾ വഹാബ് എംപി, മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജി, കേരളാ കോണ്‍ഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, മോൻസ് ജോസഫ് എംഎൽഎ തുടങ്ങിയവർ ഇടത്, വലത് മുന്നണികൾക്കായി നിലന്പൂരിലെത്തി തെരഞ്ഞെടുപ്പ് ആവേശം പകർന്നു കഴിഞ്ഞു.
മുൻ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവുമായ ആന്റണി രാജു എംഎൽഎ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, ടി.സിദ്ദീഖ് എംഎൽഎ എന്നിവർ ഇന്ന് നിലന്പൂരിലെത്തും. ഇപ്പോഴും നേതാക്കൾക്ക് തെരഞ്ഞെടുപ്പ് നടക്കുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. മേയ് മാസം 15 ന് മുന്‍പ് ഇലക്ഷൻ പ്രഖ്യാപിച്ചില്ലെങ്കിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത മങ്ങും. മണ്ഡലത്തിൽ ബിജെപി മാത്രമാണ് കളത്തിലിറങ്ങാത്തത്.