വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
1546770
Wednesday, April 30, 2025 5:47 AM IST
വെളിയങ്കോട്:വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ പോത്തിനെ നാട്ടുകാർ ചേർന്ന് പിടിച്ചുകെട്ടി.
ചാവക്കാട്- പൊന്നാനി ദേശീയപാതയിൽ വെളിയങ്കോട് അങ്ങാടി സെന്ററിൽ ഇന്നലെ രാവിലെ 11നാണ് സംഭവം. പുതുപൊന്നാനി ഭാഗത്ത് നിന്ന് വിരണ്ടോടി എത്തിയ പോത്ത് അങ്ങാടിക്ക് കിഴക്കുഭാഗം മത്സ്യം വാങ്ങാനെത്തിയവരെയാണ് ഇടിച്ചുതെറിപ്പിച്ചത്.
പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ വെളിയങ്കോട് പത്ത്മുറി സ്വദേശി ഫക്രുദ്ദീൻ, പുതിയിരുത്തി സ്കൂൾപടി സ്വദേശി നൂറുദ്ദീൻ എന്നിവരെ നാട്ടുകാർ വെളിയങ്കോട് മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറെ നേരം പരിഭ്രാന്തി പരത്തിയ പോത്തിനെ അയ്യോട്ടിച്ചിറയിൽ നിന്നാണ് നാട്ടുകാർ പിടികൂടിയത്. ഇതിനോടകം നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.