വി.വി. പ്രകാശിനെ അനുസ്മരിച്ചു
1546775
Wednesday, April 30, 2025 5:47 AM IST
എടക്കര: കോണ്ഗ്രസ് പ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും ഒരുപോലെ അഭിമാനിക്കാവുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച നേതാവായിരുന്നു വി.വി. പ്രകാശെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. "പ്രകാശം മാഞ്ഞിട്ട് നാലു വർഷം’ എന്ന പേരിൽ മുൻ ഡിഡിസി പ്രസിഡന്റ് വി.വി. പ്രകാശിന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയും വി.വി. പ്രകാശ് സ്മാരക ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എടക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയദുരിതത്തിൽ വിറങ്ങലിച്ചുനിന്ന വയനാടിനെ ചേർത്തുപിടിച്ച് രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും മാതൃകാപരമായ ഇടപെടൽ നടത്തിയ യുവ സാമാജികൻ അഡ്വ. ടി. സിദ്ദീഖ് എംഎൽഎക്ക് വി.വി. പ്രകാശിന്റെ പേരിലുള്ള യുവപ്രതിഭ പുരസ്കാരം കെ. സുധാകരൻ സമ്മാനിച്ചു. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാവ് അഡ്വ. കെ.എൻ.എ. ഖാദർ മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എ.പി. അനിൽകുമാർ എംഎൽഎ, ആര്യാടൻ ഷൗക്കത്ത്, ഇസ്മായിൽ മൂത്തേടം, അഡ്വ. കെ. ജയന്ത്, ആലിപ്പറ്റ ജമീല, പി.എ. സലീം, കെ.പി. അബ്ദുൾ മജീദ്, വി.ബി. ബാബുരാജ്, വി.എ. കരീം, എൻ.എ. കരീം, പി.ടി. അജയ്മോഹൻ, ടി.പി. അഷ്റഫലി, അജീഷ് എടാലത്ത്, ബാബു തോപ്പിൽ എന്നിവർ പ്രസംഗിച്ചു.