മഞ്ചേരിയിലെ കോണ്ഗ്രസ് സമ്മേളനം പുനരാവിഷ്കരിച്ച് പ്രവർത്തകർ
1546586
Tuesday, April 29, 2025 7:22 AM IST
മഞ്ചേരി: മലബാർ ജില്ലാ കോണ്ഗ്രസ് സമ്മേളനം 105 വർഷങ്ങൾക്കു ശേഷം പുനരാവിഷ്കരിക്കുകയാണ് മഞ്ചേരി ബ്ലോക്ക് കോണ്ഗ്രസ് പ്രവർത്തകർ. 1920 ഏപ്രിൽ 28, 29 തിയതികളിൽ മഞ്ചേരി പള്ളിയാളിപറന്പിൽ (പാളയപറന്പ്) നടന്ന ചരിത്ര പ്രസിദ്ധമായ കോണ്ഗ്രസ് സമ്മേളനമാണ് 2025 ൽ അതേ ദിവസങ്ങളിൽ മഞ്ചേരി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നത്.
ഇന്നലെ രാവിലെ 10ന് സമ്മേളനത്തിന് പ്രസിഡന്റ് വല്ലാഞ്ചിറ ഹുസൈൻ പതാകയുയർത്തി. തുടർന്ന് പാളയപറന്പിൽ നിന്നാരംഭിച്ച ചരിത്ര സ്മൃതി യാത്ര നഗരം ചുറ്റി മുനിസിപ്പൽ ടൗണ് ഹാളിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ഭീകര വിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് പാളയപറന്പിൽ തിരിച്ചെത്തി ലഹരി വിരുദ്ധ പ്രതിജ്ഞയോടെ യാത്ര സമാപിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ബീനാ ജോസഫ് പതാക കൈമാറി.
എസ്.എസ്. പിള്ള ജാഥാ ക്യാപ്റ്റനെ ഷാളും തൊപ്പിയും അണിയിച്ചു. വൈസ് പ്രസിഡന്റ് പി.കെ. സത്യപാലൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ഷൈജൽ ഏരിക്കുന്നൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സി.കെ. ഗോപാലൻ, കെ. ജയപ്രകാശ് ബാബു, കെഎസ്യു ജില്ലാ പ്രസിഡന്റ് ഇ.കെ. അൻഷിദ്, വൈസ് പ്രസിഡന്റുമാരായ പി. അവറു, ജൊമേഷ് തോമസ്, കെ. പ്രീതി, സാബു സെബാസ്റ്റ്യൻ, എ.എം. ബാപ്പുട്ടി, ജനറൽ സെക്രട്ടറിമാരായ ഷബീർ കുരിക്കൾ, സാലിൻ വല്ലാഞ്ചിറ തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് വൈകുന്നേരം നാലിന് മഞ്ചേരിയുടെ മതേതര മനസ് എന്ന പേരിൽ ചരിത്ര സമ്മേളനം, തുടർന്ന് വി.വി. പ്രകാശ് സ്മൃതി, 105 ഭദ്രദീപം, സമാദരണീയം എന്നീ പരിപാടികൾ നടക്കും.