സർക്കാരിന്റെ നാലാം വാർഷികം: മലപ്പുറത്ത് ഒരുക്കങ്ങളാകുന്നു
1546599
Tuesday, April 29, 2025 7:23 AM IST
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം കോട്ടക്കുന്നിൽ മേയ് ഏഴു മുതൽ 13 വരെ നടക്കുന്ന "എന്റെ കേരളം’ മെഗാ പ്രദർശന- വിപണന മേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ കോട്ടക്കുന്നിൽ ഇതിനായുള്ള പവലിയനുകളുടെ നിർമാണം തുടങ്ങി.
ആകെ 45,192 ചതുരശ്ര അടിയിൽ ശീതീകരിച്ച രണ്ട് ഹാംഗറുകൾ ഉൾപ്പെടെ 70,000 ചതുരശ്രഅടി വിസ്തൃതിയിലുള്ള പ്രദർശന നഗരിയാണ് ഒരുങ്ങുന്നത്. ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഒരാഴ്ചത്തെ മെഗാമേള സംഘടിപ്പിക്കുന്നത്. കിഫ്ബിയുടെ നേതൃത്വത്തിലാണ് പ്രദർശന നഗരിയിലെ പന്തൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്.
ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ യോഗം ചേർന്ന് മേളയുടെ ഒരുക്കങ്ങൾ വിലയിരുത്തി. വിവിധ വകുപ്പുകൾ മേളയുമായി ബന്ധപ്പെട്ട് നടത്തിയ തയാറെടുപ്പുകൾ അവലോകനം ചെയ്തു. പരന്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി മേളയിലെ സ്റ്റാളുകൾ വൈവിധ്യ പൂർണമാക്കാൻ യോഗം തീരുമാനിച്ചു.
വിവര പൊതുജന സന്പർക്ക വകുപ്പിന്റെ "എന്റെ കേരളം' പ്രദർശന പവലിയനിലൂടെയാണ് മേളയിലേക്കുള്ള പ്രവേശനം. 78 സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 150 ഓളം തീം സ്റ്റാളുകളും 50 വിപണന സ്റ്റാളുകളും മേളയിൽ സജ്ജീകരിക്കും. ഇതുകൂടാതെ കിഫ്ബി, ടൂറിസം, പൊതുമരാമത്ത്, സ്പോർട്സ്, കാർഷിക വകുപ്പുകളുടെ പ്രത്യേക പവലിയനുകളും 1500 ചതുരശ്ര അടിയിൽ ഫിലിം ഡവലപ്മെന്റ് കോർപറേഷൻ ഒരുക്കുന്ന തീയേറ്ററും സജ്ജീകരിക്കും. വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളുമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ വിപുലമായ ഭക്ഷ്യമേളയും നടക്കും.
കൃഷിവകുപ്പിന്റെ പുഷ്പ,സസ്യ പ്രദർശന-വിപണന മേളയും വിവധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകളും നടക്കും. മേയ് ഏഴു മുതൽ 13 വരെ എല്ലാ ദിവസവും വൈുന്നേരം പ്രമുഖ കലാകാരൻമാർ നയിക്കുന്ന സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. പ്രദർശന ദിവസം കോട്ടക്കുന്നിലേക്കുള്ള ഡിടിപിസിയുടെ പ്രവേശന ടിക്കറ്റ് ഒഴിവാക്കും.
വിപുലമായ പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തും. മികച്ച സ്റ്റാൾ, വാർത്താ കവറേജ്, ഫുഡ് കോർട്ട് എന്നിവയ്ക്കുള്ള അവാർഡുകളും നൽകും. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും പൊതുസമ്മേളനവും മേയ് ഏഴിന് വൈകുന്നേരം മൂന്നിന് കോട്ടക്കുന്നിൽ നടക്കും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശന സമയം. ഇതുകൂടാതെ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളും വിവിധ മേഖലകളിലെ പ്രമുഖരും സംബന്ധിക്കുന്ന, മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം മേയ് 12ന് രാവിലെ 10.30 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും. 13ന് വൈകുന്നേരം നാലിനാണ് സമാപന സമ്മേളനം.
ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ എംഎൽഎമാരായ പി. നന്ദകുമാർ, കെ.ടി. ജലീൽ, ജില്ലാ കളക്ടർ വി.ആർ. വിനോദ്, സ്പോർട്സ് കൗണ്‍സിൽ ജില്ലാ പ്രസിഡന്റ് വി.പി. അനിൽ, സബ് കളക്ടർ ദിലീപ് കൈനിക്കര, അഡീഷണൽ എസ്പി ഫിറോസ് എം. ഷെഫീഖ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.മുഹമ്മദ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.