നന്തനാർ ജീവിതചൂളയിൽ പാകപ്പെട്ട കഥാകാരൻ: സുഭാഷ് ചന്ദ്രൻ
1546591
Tuesday, April 29, 2025 7:22 AM IST
അങ്ങാടിപ്പുറം: സ്വജീവിതമാകുന്ന ചൂളയിൽ പാകപ്പെട്ട കഥാകാരനായിരുന്നു നന്തനാർ എന്നും സ്വന്തം കാലത്തിന്റെ രാഷ്ട്രീയ ശരികളെ നന്തനാർ അംഗീകരിച്ചിരുന്നുവെന്നും സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു.
അങ്ങാടിപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന വള്ളുവനാടൻ സാംസ്കാരിക വേദി കഥാകാരൻ നന്തനാരുടെ സ്മരണാർഥം ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം വി.എം. മൃദുലിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷിബു സിഗ്നേച്ചർ രൂപകൽപ്പന ചെയ്ത പുരസ്കാര ശില്പവും അങ്ങാടിപ്പുറം സർവീസ് സഹകരണ ബാങ്ക് സമ്മാനിക്കുന്ന ഇരുപതിനായിരം രൂപയുമാണ് പുരസ്കാരം.
പുരസ്കാര തുക ബാങ്ക് സെക്രട്ടറി പി. മനോജ് കൈമാറി. ചെറുകഥ രംഗത്തെ യുവ എഴുത്തുകാരെയാണ് ഇത്തവണ പുരസ്കാരത്തിന് പരിഗണിച്ചത്. ഡോ. പി. ഗീത, ഡോ. എൻ.പി. വിജയകൃഷ്ണൻ, പി.എസ്. വിജയകുമാർ എന്നിവരായിരുന്നു ജൂറിമാർ. ഡോ. എൻ.പി. വിജയകൃഷ്ണൻ രചിച്ച "എംടിയുടെ പണിപ്പുര' എന്ന പുസ്തകത്തിന്റെ പ്രകാശനം സുഭാഷ് ചന്ദ്രൻ, വിമൽ കോട്ടക്കലിന് നൽകി നിർവഹിച്ചു. അയ്യപ്പൻപാട്ട് കലാകാരൻ ബാലകൃഷ്ണൻ എരവിമംഗലം, പുള്ളുവൻപാട്ട് കലാകാരി കാറൽമണ്ണ ലക്ഷ്മിക്കുട്ടിഅമ്മ, അധ്യാപക അവാർഡ് ജേതാവ് ഫിറോസ്ഖാൻ പുത്തനങ്ങാടി, സിനിമ സംവിധായകൻ കെ.എസ്. ഹരിഹരൻ എന്നിവരെ ആദരിച്ചു.
വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ നന്തനാർ സ്കോളർഷിപ്പും ബാലചന്ദ്രൻ മാസ്റ്റർ ഓർമ പുരസ്കാരവും വിതരണം ചെയ്തു. വേദിയുടെ രക്ഷാധികാരിയായിരുന്ന ദുർഗരാജനെ സതീശൻ ആവള അനുസ്മരിച്ചു. വള്ളുവനാടൻ സാംസ്കാരിക വേദി ചെയർമാൻ സജിത്ത് പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ചു. നന്തനാരുടെ മകൾ പി. തുളസി അനുസ്മരണ പ്രഭാഷണം നടത്തി. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സയ്യിദ, ബ്ലോക്ക് പഞ്ചായത്ത് മെന്പർ കെ. ദിലീപ്, വാർഡ് മെന്പർ പി. രത്നകുമാരി, പി.സി. അരവിന്ദൻ, വി.കെ. വേണുഗോപാൽ, പി. രാധാകൃഷ്ണൻ, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, പി. പത്മനാഭൻ, ഷംസുദീൻ തിരൂർക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.