നിലന്പൂർ ആനക്കുളത്തെ പ്രളയ ബാധിതർക്ക് നഷ്ടപരിഹാരത്തിന് ഇടപെടൽ നടത്തുമെന്ന്
1546774
Wednesday, April 30, 2025 5:47 AM IST
നിലന്പൂർ: പ്രളയ ദുരിതത്തിലെ അഞ്ച് കുടുംബങ്ങൾക്ക് ഏഴ് വർഷമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന വാർത്തയിൽ ആന്റണി രാജു എംഎൽഎയുടെ ഇടപെടൽ. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ദീപിക വാർത്ത പ്രസിദ്ധീകരിച്ചത്.2018 ലെ പ്രളയത്തിൽ ചാലിയാർ പഞ്ചായത്തിലെ ആനക്കുളം നിവാസികളായ ആറ് കുടുംബങ്ങൾക്കാണ് വാസയോഗ്യമല്ലാത്ത വിധം വീട് തകർന്നത്. ദുരന്തമുണ്ടായി ഏഴ് വർഷം കഴിഞ്ഞിട്ടും ഇതിൽ അഞ്ച് കുടുംബങ്ങൾക്കാണ് നഷ്ടപരിഹാരം ലഭിക്കാത്തത്.
ഇതിൽ ഒരു കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. കുറന്പലങ്ങോട് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി ഈ വീടുകൾ വാസയോഗ്യമല്ലെന്ന് നിലന്പൂർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലം എംഎൽഎ പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ താലൂക്കിൽ യോഗം ചേരുകയും അടിയന്തരമായി നഷ്ടപരിഹാരം നൽകാമെന്നും ഉറപ്പ് നൽകി. എന്നാൽ ഇവർ താലൂക്ക് ഓഫീസിലുൾപ്പെടെ കയറിയിറങ്ങുന്നതല്ലാതെ നഷ്ടപരിഹാരം മാത്രം ലഭിച്ചില്ല. ഇപ്പോൾ കളക്ടർ ഉൾപ്പെടെ പറയുന്നത് ഇവർ ദുരിതാശ്വാസം ലഭിക്കേണ്ടവരുടെ പട്ടികയിൽ ഇല്ലെന്നാണ്.
അന്ന് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിൽ അങ്ങനെയാണ് പറയുന്നതെന്നാണ് വിശദീകരണം. ഇത് തങ്ങളുടെ ന്യായമായ അവകാശം നിഷേധിക്കുകയാണെന്നാണ് ഈ കുടുംബങ്ങൾ പറയുന്നത്. മഴ പെയ്താൽ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റാമെന്നുമാണ് അധികൃതർ ഇപ്പോൾ പറയുന്നത്. എന്നാൽ ഇനി തങ്ങൾ മാറാൻ തയാറല്ലെന്നാണ് ഇരകളുടെ തീരുമാനം. ഇവർ താമസിക്കുന്ന ആനക്കുളത്ത് നിന്ന് നൂറ് മീറ്റർ അകലത്തിലാണ് 2018 ഓഗസ്റ്റ് ഏട്ടിലെ പ്രളയത്തിൽ ആറ് പേർ മരിച്ചത്.
വിഷയം മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ഉദ്യോഗസ്ഥ വീഴ്ചയുടെ പേരിൽ നിർധനരായ ഈ കുടുംബങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാര തുക ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും ആന്റണി രാജു പറഞ്ഞു.