സ്കൂൾ പരിസരത്തെ മാലിന്യം നീക്കി സ്ഥലമുടമ മാതൃകയായി
1546596
Tuesday, April 29, 2025 7:23 AM IST
മഞ്ചേരി: വർഷങ്ങളായി റോഡരികിലെ താഴ്ചയുള്ള സ്ഥലത്ത് സാമൂഹികവിരുദ്ധർ തള്ളിയ മാലിന്യക്കൂന്പാരം സ്ഥലമുടമ നീക്കം ചെയ്തു.
ജില്ലാ നിയമസേവന അഥോറിറ്റിയുടെ ഇടപെടലിനെ തുടർന്നാണ് മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് വിദ്യാർഥികൾക്കും പരിസരവാസികൾക്കും യാത്രക്കാർക്കും ദുരിതം വിതച്ച മാലിന്യ കൂന്പാരം നീക്കം ചെയ്ത് സ്ഥലമുടമ മാതൃകയായത്. വിദ്യാലയത്തിനും സമീപവാസികൾക്കും ദോഷകരമായ മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാരാലീഗൽ വോളണ്ടിയർ രവീന്ദ്രൻ മംഗലശേരി കഴിഞ്ഞ മാർച്ച് 22ന് പരാതി നൽകിയിരുന്നു.
ഈ പരാതി പരിഗണിച്ച് ലീഗർ സർവീസസ് അഥോറിറ്റി ഏപ്രിൽ മൂന്നിന് ഹാജരാകാൻ മഞ്ചേരി നഗരസഭാ ക്ലീൻസിറ്റി മാനേജർക്ക് നോട്ടീസയച്ചിരുന്നു. ഏപ്രിൽ മൂന്നിന് ഹാജരായില്ലെങ്കിലും വീണ്ടും നോട്ടീസ് അയച്ചതോടെ ഹെൽത്ത് ഇൻസ്പെക്ടർ പി. റിൽജു മോഹൻ ഹാജരായി.
സ്കൂൾ വിദ്യാർഥികൾക്ക് ദോഷകരമാകുംവിധം കിടക്കുന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ മാലിന്യം ഉടനെ നീക്കം ചെയ്യണമെന്ന് ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ എം. ഷാബിർ ഇബ്രാഹിം ഉത്തരവിട്ടു.
ഉത്തരവ് നടപ്പാക്കിയ വിവരം മേയ് അഞ്ചിന് അറിയിക്കാനും നിർദേശം നൽകി. നഗരസഭ സ്ഥലമുടമയായ അഡ്വ. എൻ. സി. ഫൈസലിന് ഇതു സംബന്ധിച്ച് നോട്ടീസയച്ചതിന്റെ പകർപ്പ് ഹെൽത്ത് ഇൻസ്പെക്ടർ അഥോറിറ്റി മുന്പാകെ ഹാജരാക്കി. അതുപ്രകാരം മാലിന്യം പൂർണമായും നീക്കം ചെയ്യുകയും റോഡരികിൽ വലകെട്ടുകയും ചെയ്തിരിക്കയാണ് സ്ഥലമുടമ.
നഗരസഭയുടെ മുന്നറിയിപ്പ് ബാനറും പ്രദർശിപ്പിച്ചിട്ടുണ്ട്. സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നത് നിരീക്ഷിക്കുന്നതിനായി സ്കൂൾഭാഗത്ത് നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന് സ്ഥലമുടമ അധികൃതരോടാവശ്യപ്പെട്ടു.