വേട്ടേക്കോടിനെ വീണ്ടെടുക്കാൻ ഖര മാലിന്യം നീക്കുന്ന പ്രവൃത്തിക്ക് തുടക്കം
1544514
Tuesday, April 22, 2025 7:37 AM IST
മഞ്ചേരി: മഞ്ചേരി നഗരസഭയുടെ ഉടമസ്ഥതയിൽ വേട്ടേക്കോടുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ഖര മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് തുടക്കം. അഡ്വ. യു.എ ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബയോ മൈനിംഗ് പ്രവൃത്തിയുടെ സ്വിച്ച് ഓണ് കർമം ജില്ലാ കളക്ടർ വി.ആർ. വിനോദ് നിർവഹിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായി സഹകരിച്ചാണ് പ്രവൃത്തി നടത്തുന്നത്. നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എംഎസ് കന്പനിയാണ് കരാർ എടുത്തിരിക്കുന്നത്.
1.10 ഏക്കർ ഭൂമിയിൽ നിന്ന് 20902 മെട്രിക് മാലിന്യമാണ് നീക്കം ചെയ്യുന്നത്. രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും യന്ത്രങ്ങൾ ഉപയോഗിച്ചാണ് പ്രവൃത്തി നടക്കുക. ഒരു മാസത്തിനുള്ളിൽ വേട്ടേക്കാട് നിന്ന് മാലിന്യം പൂർണമായും നീക്കം ചെയ്യും. 2.75 കോടിയാണ് ഇതിന് ചെലവ് വരുന്നത്. മാലിന്യം തരംതിരിക്കുന്നതിനാവശ്യമായ ആധുനിക യന്ത്രം കഴിഞ്ഞ ദിവസം വേട്ടേക്കോട് എത്തിച്ചിരുന്നു.
ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യങ്ങൾ ബയോ മൈനിംഗും ബയോ റെമഡിയേഷനും നടത്തി നിലവിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ ഭൂമി പഴയ രൂപത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. കുമിഞ്ഞു കൂടിയ മാലിന്യങ്ങൾ കോരിയെടുത്ത് വേർതിരിച്ച് ഖരമാലിന്യങ്ങൾ സിമന്റ് കന്പനിയിലേക്ക് കയറ്റി അയയ്ക്കും. ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സണ് വി.എം. സുബൈദ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, എൻ.കെ. ഖൈറുന്നീസ, എൽസി ടീച്ചർ, വാർഡ് കൗണ്സിലർ ബേബി കുമാരി, മുനിസിപ്പൽ സെക്രട്ടറി പി. സതീഷ് കുമാർ, ബയോ മൈനിംഗ് പദ്ധതി നിർവഹണത്തിനുള്ള ജില്ലാ മോണിറ്ററിംഗ് ചെയർമാനും എൽഎസ്ജിഡി എക്സിക്യൂട്ടീവ് എൻജിനിയറുമായി സി.ആർ. മുരളീകൃഷ്ണൻ, നഗരസഭാ മുൻ ചെയർമാൻ വല്ലാഞ്ചിറ മുഹമ്മദലി, മഞ്ചേരി അഗ്നിരക്ഷാ നിലയം മേധാവി പി.വി. സുനിൽകുമാർ, ജെ.എ. നുജൂം, റഷീദ് പറന്പൻ, എ.എം. സൈതലവി, കെ. ഉബൈദ്, ആർ.ജെ. രാഗി, ഡോ. സി. ലതിക, എൽ. ദേവിക, ഇ. വിനോദ് കുമാർ, എ. ശ്രീധരൻ, ബീനാസണ്ണി, പി. വിജീഷ്, പ്രസാദ് ഗോപാൽ, പി.പി. സറഫുന്നീസ, സഹദ് മിർസ തുടങ്ങിയവർ പ്രസംഗിച്ചു.
മുഖം മിനുക്കാൻ പാർക്ക് വരുന്നു
മഞ്ചേരി: വേട്ടേക്കോടിന്റെ മുഖച്ഛായ മാറ്റാൻ പാർക്ക് വരുന്നു. മാലിന്യം പൂർണമായി നീക്കം ചെയ്ത ശേഷമാണ് 1.5 ഏക്കർ സ്ഥലത്ത് മഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ പാർക്ക് ഒരുക്കുന്നത്. വർഷങ്ങളായി മാലിന്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയായിരുന്നു പ്രദേശവാസികൾ.
കിണറുകളിലെ വെള്ളം പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മാലിന്യ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാകുന്നതിന്റെ ആശ്വാസത്തിലാണ് വേട്ടേക്കോട് നിവാസികൾ. ഖര മാലിന്യം നീക്കം ചെയ്യുന്പോൾ ഒരു തരത്തിലുള്ള ആശങ്ക വേണ്ടെന്നും എല്ലാവിധ മുൻ കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സണ് വി.എം. സുബൈദ പറഞ്ഞു.
ശാസ്ത്രീയമായ രീതിയിലാണ് മാലിന്യം നീക്കം ചെയ്യുന്നത്. വേനൽക്കാലം ആയതിനാൽ തീപിടിത്തം ഒഴിവാക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. പൊടിപടലം തടയുന്നതിനായി ടാങ്കിൽ വെള്ളം എത്തിച്ച് പന്പ് ചെയ്യുന്നുണ്ട്. പ്രവൃത്തി സുതാര്യമാക്കുന്നതിന് പ്രദേശവാസികളെ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പിലൂടെ പ്രവൃത്തിയുടെ വിവരങ്ങളും മറ്റും ജനങ്ങളെ അറിയിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.