സഹകരണ ബാങ്കുകളിൽ സമഗ്രമാറ്റത്തിന് മാർഗ നിർദേശങ്ങളുമായി സെക്രട്ടറീസ് സെന്റർ
1544501
Tuesday, April 22, 2025 7:37 AM IST
മങ്കട: മലപ്പുറം ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിൽ സമഗ്രമാറ്റത്തിന് സഹകരണ ബാങ്ക് സെക്രട്ടറീസ് സെന്റർ. സ്ഥാപനത്തിനും അംഗങ്ങൾക്കും ജീവനക്കാർക്കും ഗുണകരമാകുന്ന ഏകീകൃത സംവിധാനങ്ങൾ സഹകരണ വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്നതിനാണ് പദ്ധതി തയാറാക്കിയത്.
അഴിമതിയില്ലാത്ത സഹകരണ മേഖലയെ ജില്ലയിൽ വളർത്തിയെടുക്കുന്നതിനാണ് സെക്രട്ടറീസ് സെന്റർ പുതിയ മാർഗനിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം മലപ്പുറം കേരള ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിൽ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകി. ബാങ്കുകളുടെ പ്രവർത്തന രീതി ഏകീകരിക്കൽ, ക്രമക്കേടുകൾ സംഭവിക്കാതിരിക്കാനുള്ള കരുതൽ തുടങ്ങിയവയാണ് പ്രധാനം.
ഇതിനായി സെക്രട്ടറിമാർക്ക് കൗണ്‍സിലിംഗ് നൽകും, ഇന്റേണൽ ഓഡിറ്റ് സംവിധാനം കാര്യക്ഷമമാക്കും, ഇന്റേണൽ ഓഡിറ്റർമാർക്ക് ആഭ്യന്തര പരിശോധനക്കുള്ള പരിശീലനം ഉറപ്പാക്കും, സഹകരണ സംഘങ്ങൾ പരസ്പര സഹകരണം സാധ്യമാക്കും, ബാങ്കുകളിലെ വിവിധ ഫോറങ്ങൾക്ക് ഏകീകൃത രൂപം ഉണ്ടാക്കും, ചെക്കുകൾ കളക്ട് ചെയ്യൽ, പ്രവർത്തന പരിധി കവിഞ്ഞ് വായ്പ നൽകൽ തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങളിലും ഏകീകൃത രൂപമുണ്ടാക്കും.
കേരളാ ബാങ്ക് പലിശനിരക്ക് കുറച്ചത് പ്രാഥമിക ബാങ്കുകൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇത് മറികടക്കുന്നതിനാണ് പുതിയ വഴി തേടുന്നത്. ബാങ്കുകളിൽ നടപ്പാക്കുന്ന ഏകീകൃത രീതി സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് അഷ്റഫ് അരക്കുപറന്പ് കണ്‍വീനറായി അഞ്ചംഗ സമിതിയെ നിശ്ചയിച്ചു.
വിവിധ പദ്ധതികളുടെ പഖ്യാപനവും വിരമിച്ച സെക്രട്ടറിമാർക്കുള്ള യാത്രയയപ്പും സംഘടപ്പിക്കുന്നതിനും സെക്രട്ടറീസ് സെന്റർ തീരുമാനിച്ചു. യോഗം സംസ്ഥാന സെക്രട്ടറി എൻ. ഭാഗ്യനാഥ് ഉദ്ഘാടനം ചെയ്തു. അബ്ദുൾ അസീസ് വെട്ടിക്കാട്ടിരി അധ്യക്ഷത വഹിച്ചു. സൈഫുള്ള കറുമുക്കിൽ, ഹമീദ് വേങ്ങര, യൂസുഫ് പള്ളിപ്പുറം, സുബൈദ വെളിമുക്ക്, അഷ്റഫ് അരക്കുപറന്പ് എന്നിവർ പ്രസംഗിച്ചു.