പോലീസ് കസ്റ്റഡിയിലുള്ള വാഹനം മോഷ്ടിച്ച് കടത്തിയ രണ്ടുപേർ അറസ്റ്റിൽ
1543867
Sunday, April 20, 2025 5:02 AM IST
നിലന്പൂർ: എടവണ്ണയിൽ പോലീസിന്റെ കസ്റ്റഡിയിലുള്ള വാഹനം മോഷ്ടിച്ച് കടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് ബാലുശേരി ഉണ്ണിക്കുളം അനസ്, എടവണ്ണ സ്വദേശി ലുഖ്മാനുൽ ഹക്കീം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം എടവണ്ണ ജമാലങ്ങാടി പരിസരത്ത് നിന്നാണ് എടവണ്ണ പോലീസിന്റെ കസ്റ്റഡിയിലുള്ള വാഹനം മോഷ്ടിച്ച് കോഴി മാലിന്യം തള്ളാൻ ഉപയോഗിച്ചത്.
കഴിഞ്ഞമാസം 31ന് എടവണ്ണ ജമാലങ്ങാടി പരിസരത്ത് കോഴി മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഈ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്നാൽ വാഹനത്തിന്റെ കേടുപാടുകൾ കാരണം ഇത് പോലീസ് സ്റ്റേഷൻ പരിസരത്തേക്ക് മാറ്റാൻ സാധിച്ചിരുന്നില്ല. ഇതോടെ കോഴി മാലിന്യം മറ്റൊരു വാഹനത്തിലേക്ക് മാറ്റി ഈ വാഹനം എടവണ്ണ ടൗണിനോട് ചേർന്ന് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് കഴിഞ്ഞദിവസം പ്രതികൾ കോഴി മാലിന്യം തള്ളാനായി ഈ വാഹനം മോഷ്ടിച്ചു കടത്തിയത്. എടവണ്ണ പഞ്ചായത്ത് പരിധിയിലെ തൂവക്കാട് മേഖലയിലേക്കാണ് വാഹനം മാലിന്യവുമായി എത്തിയത്. ഇവിടെ നാട്ടുകാർ തടഞ്ഞതോടെയാണ് എടവണ്ണയിൽ നിന്ന് മോഷ്ടിച്ച വാഹനത്തിലാണ് മാലിന്യം കടത്തിയതെന്ന് വ്യക്തമാകുന്നത്.
മോഷണ കേസ് ഉൾപ്പെടെയുള്ള രണ്ടു കേസുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരുന്നത്.
മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികൾക്കെതിരേ മോഷണം, പൊതുജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് അവരുടെ ആരോഗ്യത്തിനെ ഹാനികരമായി ബാധിക്കുന്നതിനും ജലസ്രോതസുകൾ മലിനമാകാനിടയാക്കുന്ന വിധത്തിലും കോഴി മാലിന്യം തള്ളിയതിനുമാണ് കേസ്. കൂടുതൽ പ്രതികൾക്കായി എടവണ്ണ എസ്ഐ റിഷാദലി നെച്ചിക്കാടന്റെ നേതൃത്വത്തിൽ പോലീസ് സംഘം അന്വേഷണം തുടർന്നുവരികയാണ്.